2019 സെപ്റ്റംബർ 1 ന്, കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് മുന്നോടിയായുള്ള വൈദിക സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സംഗമത്തിന്റെ തലേദിനമായ ഓഗസ്റ്റ് 31 നു ശനിയാഴ്ചയാണ് വൈദികസംഗമം ഒരുക്കിയിട്ടുള്ളത്. കുറവിലങ്ങാട് ഇടവകയിലെ മുഴുവൻ വൈദികരെയും ഉൾക്കൊള്ളിച്ച് മുമ്പ് നടത്തിയിട്ടുള്ള സമർപ്പിത സംഗമത്തിന്റെ തുടർച്ചയെന്നോണമാണ് വൈദിക സമ്മേളനം നടക്കുന്നത്.
ഓഗസ്റ്റ് 31 ന് വൈകുന്നേരം 5.00 ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെയാണ് സംഗമം ഒരുക്കിയിരിക്കുന്നത്. വിശുദ്ധ കുർബാനയെ തുടർന്ന് വൈദികരുടെ കുടുംബാംഗങ്ങളും വൈദികരും പങ്കെടുക്കുന്ന സമ്മേളനം മുത്തിയമ്മ ഹാളിൽ നടക്കും. നസ്രാണി മഹാസംഗമത്തിലും പങ്കെടുത്ത് മടങ്ങും വിധമാണ് ക്രമീകരണം.
സിറോ മലബാർ / ലത്തീൻ സഭകളിൽ വിദേശങ്ങളിലടക്കം വിവിധ രൂപതകളിലായി കുറവിലങ്ങാട് ഇടവകക്കാരായ നൂറിലേറെ വൈദികർ സേവനം ചെയ്യുന്നുണ്ട്. ഒട്ടേറെ വൈദിക വിദ്യാർത്ഥികൾക്കൊപ്പം അഞ്ച് ബ്രദേഴ്സും ഇടവകയിൽ നിന്ന് വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു.
പാലാ രൂപതയിൽ മാത്രം 15 വൈദികർ കുറവിലങ്ങാട് ഇടവകയിൽനിന്ന് ശുശ്രൂഷ ചെയ്യുന്നു. വിൻസെൻഷ്യൻ, എസ്എസ്പി, ഐഎംഎസ്, സലേഷ്യൻ ഡോണ്ബോസ്കോ, സിഎംഐ, എംഎസ്എഫ്എസ്, ക്ലരീഷ്യൻ, എസ്ജെ, എംഎസ്ടി, കപ്പൂച്ചിൻ, എച്ച്ജിഎൻ, സിഎസ്ടി, ഒസിഡി, സിഎഫ്ഐസി, എംഎസ്, ആർസിജെ, എസ്ആർഎം, സിഎംഎസ്എഫ് സന്യാസ സമൂഹങ്ങളിൽ ഇടവകയിൽ നിന്നുള്ള വൈദികരുടെ സജീവ നേതൃത്വം ലഭ്യമാക്കുന്നുണ്ട്.
വിദേശങ്ങളിലടക്കം ശുശ്രൂഷ നടത്തുന്ന വൈദികർ ഓഗസ്റ്റ് 31 ന് ഇടവകയിലെത്താനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിവിധ സന്യാസസഭകളിൽ സേവനം ചെയ്യുന്നവർ ഒരുമിച്ചെത്തുന്നത് ഇടവകയുടെ അജപാലന ശുശ്രൂഷയ്ക്കും കൂടുതൽ ശക്തിപകരും. വൈദികരെത്തുന്നത് കുടുംബങ്ങളുടെയും തലമുറകളുടെയും സംഗമത്തിന്റെ അനുഭവവും വീടുകൾക്കു ലഭിക്കും. പല കുടുംബങ്ങളും നസ്രാണി മഹാസംഗമത്തോടനുബന്ധിച്ച് കുടുംബയോഗങ്ങൾ വിളിച്ചുചേർക്കാനും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇടവകാംഗങ്ങളായ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഫാ. ജയിംസ് മാക്കീൽ, ഫാ. ജോണ് കൂറ്റാരപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വൈദിക സംഗമത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.
വിവരങ്ങൾക്ക് ഫോൺ: 9495362831.