മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം സെപ്റ്റംബർ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ഫ്ളോട്ട് കാഴ്ചക്കാർക്ക് കൗതുകമാകുന്നു. വലിയ പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കൗണ്ട് ഡൗണ്‍ ഫ്ളോട്ട് ഇടവകയുടെയും നാടിന്റെയും ചരിത്രവും പാരന്പര്യങ്ങളും വ്യക്തമാക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.
മൂന്ന് നോന്പ് തിരുനാളിന്റെ പ്രദക്ഷിണത്തിൽ സംവഹിക്കുന്ന കപ്പലിന്റെ പശ്ചാത്തലത്തിലാണ് ഫ്ളോട്ട് ഒരുക്കിയത്. ലോകത്തിന്റെ ആദ്യ മരിയൻ പ്രത്യക്ഷീകരണത്തിന് വേദിയായ കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണവും ദൃശ്യവത്കരിച്ചിട്ടുണ്ട്. ഇനി സെപ്റ്റംബർ ഒന്നിലേക്കുള്ള ദിവസങ്ങളെ ഓർമപ്പെടുത്തുന്ന ഫ്ളോട്ടിൽ കുറവിലങ്ങാടിന്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസവും രേഖപ്പെടുത്തുന്നുണ്ട്.
കുറവിലങ്ങാട് നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നുപന്തലിച്ച ക്രൈസ്തവ കൂട്ടായ്മയുടെ സ്മരണ ഉയർത്തി കൂറ്റൻ വൃക്ഷത്തിന്റെ പശ്ചാത്തലവും ഒരുക്കിയിട്ടുണ്ട്.