ഇന്നുമുതൽ 50 ദിനരാത്രങ്ങൾ പിന്നിട്ടാൽ നാടുണരുക മഹാസംഗമത്തിലേക്ക് . ക്രൈസ്തവ സഭയുടെ ചരിത്രത്തിലാദ്യമായി നസ്രാണി പാരമ്പര്യം പേറുന്ന സഭാതലവന്മാർക്കൊപ്പം വിശ്വാസി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിന് നാട് ആതിഥ്യമരുളും.കൂനൻ കുരിശ് സത്യത്തിന് ശേഷം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ സഭകളുടെ തലവന്മാർ ഇതാദ്യമായാണ് ഒരു വേദിയിൽ എത്തുന്നത്.
ഇതിനൊപ്പം കുറവിലങ്ങാടിനോട് ഇഴചേർന്നിരിക്കുന്ന വിശ്വാസികളുടെ വർത്തമാന തലമുറയുടെ കണ്ണികളും സംഗമിക്കും.സംഗമത്തിനായി വിപുലമായ കമ്മറ്റികളാണ് പ്രവർത്തിക്കുന്നത്.അഖണ്ഡപ്രാർത്ഥനകളും പ്രാർത്ഥനാ മണിക്കൂറും ജപമാലയുമായി ആത്മീയതലത്തിലുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സംഗമത്തിന് മുന്നോടിയായുള്ള മരിയൻ കൺവെൻഷന്റെ ചൈതന്യത്തോടെയാണ് ആയിരങ്ങൾ സംഗമത്തിലേക്ക് പ്രവേശിക്കുക. തുടർന്ന് എട്ടുനോമ്പാചരണത്തിന്റെ പുണ്യത്തിലും നിറയും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ നിർദ്ദേശാനുസരണം ആർച്ച്പ്രീസ്റ്റ് റവ. ഡോ . ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണ് വൈദീകരും അത്മായരും സന്യസ്തരും ഉൾക്കൊള്ളുന്ന കമ്മിറ്റി ഒരുക്കങ്ങൾ സജീവമായി നടത്തുന്നത്.