കൂനൻ കുരിശ് സത്യത്തിന് ശേഷം നസ്രാണിസഭാതലവന്മാർ ഒരു വേദിയിൽ സംഗമിക്കുകയും പതിനയ്യായിരം പേർ സാക്ഷികളാകുകയും ചെയ്യുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനായി ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സംഗമം ജനറൽ കണ്‍വീനർ ഫാ. തോമസ് കുറ്റിക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഗമത്തിന് മുന്നോടിയായുള്ള മരിയൻ കണ്‍വൻഷനും സംഗമത്തോടെ തുടക്കമിടുന്ന ദൈവമാതാവിന്റെ ജനനത്തിരുനാളിനും വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ പറഞ്ഞു.
സംഗമത്തിന്റെയും കണ്‍വൻഷന്റെയും പന്തിലിന്റെ കാൽനാട്ട് 28 ന് വൈകുന്നേരം 4.15 ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ നിർവഹിക്കും. ദേവമാതാ കോളജ് മൈതാനത്താണ് 15,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ നിർമാണത്തിനു തുടക്കമിടുന്നത്.
നസ്രാണി മഹാസംഗമത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് രണ്ടിന് സമാപിക്കും. വ്യക്തികളായും കുടുംബങ്ങളായും സംഘങ്ങളായും സംഗമത്തിൽ പ്രവേശനം ലഭിക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് മെമന്റോയും നൽകും. സംഗമദിനമായ സെപ്റ്റംബർ ഒന്നിന് രാവിലെ ഒൻപതിന് ദേവമാതാ കോളജ് ഇ-ലേണിംഗ് സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര മരിയൻ സിന്പോസിയത്തിനുള്ള രജിസ്ട്രേഷനും തുടരുന്നുണ്ട്. 100 പേർക്കാണ് സിന്പോസിയത്തിൽ പ്രവേശനം.
സംഗമത്തിന്റെ തലേദിനമായ ഓഗസ്റ്റ് 31ന് ഇടവകയിലെ വൈദികരുടെയും സന്യാസിനിമാരുടെയും സംഗമം നടക്കും. ഓഗസ്റ്റ് 31 ന് 6.15ന് ദൈവമാതാവിന്റെ ജനനത്തിരുനാളിന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റും. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൻ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ കാർമികത്വത്തിൽ സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ തീയതികളിൽ ആഘോഷമായ വിശുദ്ധ കുർബാന നടക്കും. സെപ്റ്റംബർ എട്ടിന് മേരിനാമധാരി സംഗമവും നടക്കും.
സെപ്റ്റംബർ ഒന്നിന് 2.30ന് നസ്രാണി മഹാസംഗമം സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാതലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമാ സഭാതലവൻ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, ക്നാനായ യാക്കോബായ സഭാ തലവൻ കുര്യാക്കോസ് മാർ സെവേറിയോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സഭാ തലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, പൗരസ്ത്യ അസീറിയൻ സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത എന്നിവർ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി നടത്തുന്ന മരിയൻ കണ്വൻഷൻ യക്കോബായ സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്ടഭവനങ്ങളുടെ താക്കോൽദാനം നടത്തുമെന്ന് കൈക്കാരന്മാരായ ജോണ്‍ സിറിയക് കരികുളം, സുനിൽ ഒഴുക്കനാക്കുഴി, സിജോ മുക്കത്ത്, ടിക്സണ്‍ മണിമലത്തടത്തിൽ, സംഗമം ജനറൽ കോ-ഓർഡിനേറ്റർ ഡോ. ടി.ടി. മൈക്കിൾ, കോ-ഓർഡിനേറ്റർ ജിയോ കരികുളം എന്നിവർ അറിയിച്ചു.
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ കണ്‍വീനർ ഷാജി മങ്കുഴിക്കരി, സോണ്‍ ലീഡർ ബിജു താന്നിക്കതറപ്പിൽ, കോർ കമ്മിറ്റിയംഗം ബെന്നി കൊച്ചുകിഴക്കേടം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.