പാരന്പര്യപുണ്യങ്ങളിൽ തിളങ്ങി ഭക്തിയുടെയും വിശ്വാസത്തിന്റെയും അനുഭവം അനേകായിരങ്ങളിലേക്ക് സമ്മാനിച്ച് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ കപ്പൽ പ്രദക്ഷിണം നടന്നു. തിരുനാളിന്റെ പ്രധാന ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ പ്രാർഥനാശംസകളോടെ വലിയ പള്ളിയിൽനിന്ന് കപ്പൽപ്രദക്ഷിണത്തിന് തുടക്കമിട്ടത്.
നൂറ്റാണ്ടുകൾക്ക് മുൻപ് കടലായിരുന്ന കടപ്പൂർകരയുടെ ഇളംതലമുറയടക്കമുള്ള പിൻതലമുറക്കാരാണ് ആവേശം ചോരാതെ പാരന്പര്യത്തിന്റെയും അവകാശത്തിന്റെയും കരുത്തിൽ കപ്പൽ സംവഹിച്ചത്. നൂറുകണക്കായ കടപ്പൂർ നിവാസികളുടെ കരങ്ങൾ ഒരേവേഗത്തിലും താളത്തിലും ഉയർന്നുതാഴ്ന്നപ്പോൾ അനേകായിരങ്ങൾ കണ്ടറിഞ്ഞത് യോനാ പ്രവാചകന്റെ നിനവേ യാത്രയാണ്. പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും പാഠങ്ങൾ കൃത്യമായി ഭക്തസാഗരത്തിന് സമ്മാനിച്ച കപ്പൽപ്രദക്ഷിണം ആത്മീയതയുടെ വലിയ അനുഭവവുമായിരുന്നു.
കടപ്പൂർ നിവാസികൾ കപ്പൽ സംവഹിക്കുന്പോൾ കാളികാവ് കരക്കാർ തിരുസ്വരൂപം സംവഹിക്കുന്നു. മുത്തുക്കുടകളെടുക്കാൻ മുട്ടുചിറ കണിവേലിൽ കുടുംബക്കാർ പതിവ് തെറ്റിക്കാതെയെത്തുന്നു. തിരുസ്വരൂപങ്ങൾ അതിരാവിലെ അണിയിച്ചൊരുക്കുന്നതും കാളികാവ് കരക്കാരാണ്. പ്രത്യേക അവകാശങ്ങൾ നിറവേറ്റുന്നവർക്കായി ഇടവകയുടെ അണുവിട തെറ്റാത്ത പിന്തുണയും ഉറപ്പാക്കുന്നുണ്ട്.
കപ്പൽ സംവഹിക്കുന്ന കടപ്പൂർ നിവാസികൾ മുത്തിയമ്മയ്ക്ക് മുൻപിൽ വെച്ചൂട്ട് നടത്തിയാണ് മടങ്ങുക. പ്രദക്ഷിണത്തിനുശേഷം നിശ്ചിതക്രമത്തിൽ ഇടവക ഭക്ഷണസാധനങ്ങൾ നൽകുന്ന രീതിയുമുണ്ട്. കപ്പലിന്റെ ഓട്ടുകുരിശ് ചുംബനവും പള്ളിനടകളിലേക്കുള്ള ഓടിക്കയറ്റവും കുരിശിൽ തലചായ്ച്ചുള്ള വിശ്രമവും യോനായെ കടലിലേക്ക് വലിച്ചെറിയുന്നതുമൊക്കെ വിശ്വാസികളെ ആത്മീയ നിറവിലെ ത്തിക്കുന്നു.
നെറ്റിപ്പട്ടം കെട്ടി തിടന്പേറ്റിയെത്തുന്ന ഗജവീരന്റെ അകന്പടിയും മുത്തുക്കുടകളും കൊടിതോരണങ്ങളും കപ്പൽപ്രദക്ഷിണത്തിന് കൂടുതൽ ശോഭ പകരുന്നു. കപ്പൽ പ്രദക്ഷിണത്തിന് മുൻപായി മൂവാറ്റുപുഴ മലങ്കര രൂപതാമെത്രാൻ യൂഹനാൻ മാർ തിയഡോഷ്യസ്, താമരശേരി രൂപതാമെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനകളും നടന്നു.