പാലാ രൂപത വികാരി ജനറാളായി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനെ നിയമിച്ചു. ഫെബ്രുവരി 15ന് ചുമതലയേൽക്കും.
ഇടവകകൾ, വൈദികർ, പ്രീസ്റ്റ് ഹോം, ഷംഷാബാദ് രൂപതയിലെ സബർമതി മിഷൻ, ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം, അരുവിത്തുറ സെന്റ് ജോർജ്, കുറവിലങ്ങാട് ദേവമാതാ കോളജുകൾ, സിവിൽ സർവീസ് സെന്റർ, വിവിധ സന്യാസ, സന്യസ്ത ഭവനങ്ങൾ, ഫാമിലി എയ്ഡ്ഫണ്ട്, പാലാ കാരിത്താസ്, എഡിസിപി, പബ്ലിക് റിലേഷൻസ് വിഭാഗം, ഇന്റർനെറ്റ് ഇവാഞ്ചലൈസേഷൻ എന്നിവയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.
മാന്നാർ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തിൽ പരേതനായ വർക്കിയുടെയും ഇലഞ്ഞി പാലക്കുന്നേൽ കുടുംബാംഗം മറിയാമ്മയുടെയും 11 മക്കളിൽ നാലാമനാണ്. 1988 ജനുവരി ആറിന് പൗരോഹിത്യം സ്വീകരിച്ചു.
1989-93 കാലയളവിൽ റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷൻ ലീഗ് ഡയറക്ടർ, ഷാലോം പാസ്റ്ററൽ സെന്റർ പ്രഥമ ഡയറക്ടർ, കുടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളിൽ വികാരി, ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം പ്രഥമ റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ഫെബ്രുവരി ഏഴുമുതൽ കുറവിലങ്ങാട് പള്ളി വികാരിയായും 2018 മാർച്ച് 22 മുതൽ സീറോ മലബാർ സഭയിലെ പ്രഥമ ആർച്ച്പ്രീസ്റ്റായും സേവനം ചെയ്തുവരികയായിരുന്നു.