പതിനയ്യായിരത്തോളം അംഗങ്ങൾ, അരലക്ഷത്തോളം ജപമാല. ഓണ്‍ലൈനിൽ വിശുദ്ധ കുർബാന. കുറവിലങ്ങാട് ഇടവകയുടെ ഇന്നലത്തെ ദിനം ഇങ്ങനെയായിരുന്നു. ജനത കർഫ്യൂവിൽ വീട്ടിലിരുന്ന കുറവിലങ്ങാട് ഇന്നലെ പ്രാർഥനയുടെ അഖണ്ഡശക്തി വിളിച്ചറിയിച്ചു.
ജനപങ്കാളിത്തമുള്ള വിശുദ്ധ കുർബാനകൾ ഒഴിവാക്കിയതോടെ പ്രാർഥനാ ചൈതന്യത്തിൽ മുന്നേറാനുള്ള ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ ആഹ്വാനപ്രകാരമാണ് ഇടവകയൊന്നാകെ അഖണ്ഡ ജപമാല ചൊല്ലിയത്. ഇടവക പള്ളിയിൽ പതിവുപോലെ അഞ്ചു വിശുദ്ധ കുർബാനകൾ ജനങ്ങളില്ലാതെ വൈദികർ നടത്തി ഓണ്‍ലൈനായി സംപ്രേഷണം ചെയ്തു.
ഇടവകയിലെ മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങൾ രാവിലെയും സന്ധ്യാ സമയത്തും നിർദേശിക്കപ്പെട്ടിരുന്ന മറ്റൊരു സമയത്തുമായി മൂന്നു ജപമാലകൾ ചൊല്ലി.
രാവിലെ ഏഴിനുള്ള വിശുദ്ധ കുർബാനയെത്തുടർന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, സീനിയർ അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോസഫ് അന്പാട്ട്, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ, സ്പെഷൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവരുടെ നേതൃത്വത്തിൽ ജപമാല നടത്തി.
ഇതിനൊപ്പം ഇടവകാതിർത്തിയിലെ സന്യാസിനി ഭവനങ്ങളിലെല്ലാം അഖണ്ഡജപമാല ആരംഭിച്ചു, തുടർന്നു വാർഡുകളിലും. വൈകുന്നേരം ഏഴിനു ദേവാലയത്തിലും മഠങ്ങളിലും 3,200 ഭവനങ്ങളിലും ഒരേ സമയം ജപമാലയർപ്പണം നടന്നു.