ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ ഒന്നിന് നടക്കും. സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അര്ക്കദിയാക്കോന് ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. സെപ്റ്റംബര്‍ ഒന്നിന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനവും സംഗമത്തിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 25 മുതല്‍ 29 വരെ തീയതികളില്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും നടക്കും.
കൂനന്‍കുരിശ് വരെ ഒരുസഭയായി വളര്‍ന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാര് ഒരു വേദിയിലെത്തുന്ന സംഗമത്തില്‍ വിശ്വാസപാരമ്പര്യവും ജന്മവും കര്‍മ്മവും വഴി വിശാല കുറവിലങ്ങാടിനോട് ഇഴചേര്‍ന്നിരിക്കുന്നവരുടെ പ്രതിനിധികള്‍ പങ്കെടുക്കും. ജീവിതായോധനത്തിന്റെ ഭാഗമായി കുറവിലങ്ങാട് നിന്ന് മലബാര്‍, ഹൈറേഞ്ച് മേഖലകളിലേക്കും വിവിധ രാജ്യങ്ങളിലേക്കും കുടിയേറിയവരുടേയും വിവാഹം വഴി മറ്റ് സ്ഥലങ്ങളിലേക്ക് മാറിയവരുടേയും പ്രതിനിധികള്‍ സംഗമത്തില്‍ എത്തിച്ചേരും. മാര്‍ത്തോമ്മാ നസ്രാണിപാരമ്പര്യം പുലര്‍ത്തുന്ന സഭകള്‍ക്കെല്ലാം കുറവിലങ്ങാടുമായി അഭേദ്യബന്ധമുള്ളവയാണ്. കുടിയേറ്റമേഖലയിലുള്ള പല കുടുംബങ്ങളുടേയും വേരുകള്‍ കുറവിലങ്ങാടിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പാദസ്പര്ശത്താല് അനുഗ്രഹിക്കുകയും സഭാ ചരിത്രത്തില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുകയും സമാനതകളില്ലാത്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആഗോളതീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലാണ് കുറവിലങ്ങാട് ഇടവക സംഗമം വിളിച്ചുചേര്‍ക്കുന്നത്. പന്തക്കുസ്തയെ തുടര്‍ന്ന് വിശ്വാസം ഏറ്റുപറഞ്ഞ യഹൂദ വ്യാപാരികളിലൂടെ പകര്ന്നുനല്കപ്പെട്ട വിശ്വാസവും ആദ്യനൂറ്റാണ്ടിലും ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും മാര്‍ തോമാശ്ലീഹായില്‍ നിന്ന് വിശ്വാസം സ്വീകരിച്ച പ്രമുഖ കുടുംബങ്ങളുടെ കുടിയേറ്റവും നാലാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ സഭയെ നയിച്ച അര്‍ക്കദിയാക്കോന്മാര്‍ക്ക് ജന്മമേകുകയും കര്‍മ്മകേന്ദ്രമായി വര്‍ത്തിക്കുകയും ചെയ്തതും കുറവിലങ്ങാടിനെ വിശ്വാസത്തിന്റേയും സര്‍വ്വോപരി നസ്രാണികളുടെ ഉറവിടവും അഭിമാനകേന്ദ്രവുമാക്കി മാറ്റി. കുറവിലങ്ങാട് കേന്ദ്രീകൃതമായി വളര്‍ന്നു പന്തലിച്ച അവിഭക്ത ക്രൈസ്തവ സഭയുടെ നേരനുഭവും സാക്ഷ്യവുമായി ഈ സംഗമം മാറ്റാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
സംഗമദിനമായ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 8.30ന് അന്താരാഷ്ട്ര മരിയന്‍ സിമ്പോസിയം ദേവമാതാ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ടിന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭാതലവന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതിയന് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിക്സ് കാതോലിക്കാബാവ, മാര്‍ത്തോമ്മാ സഭാ തലവന്‍ ജോസഫ് മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സഭാ തലവന്‍ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭാ തലവന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി നടത്തുന്ന മരിയന്‍ കണ്വന്ഷന് യക്കോബായ സഭാ തലവന്‍ ബസോലിയോസ് തോമസ് പ്രഥമന്‍ ശ്രേഷ്ഠബാവ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്ടഭവനങ്ങളുടെ താക്കോല്‍ ദാനം നടത്തും.
സംഗമവിജയത്തിനായി ഇടവകയില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരണവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നു. സംഗമത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സംഗമത്തിലെത്തുന്നവരുടെ പേരുവിവരങ്ങളടക്കം ചരിത്രരേഖയായി സൂക്ഷിക്കാനും പദ്ധതിയുണ്ട്.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ ആയിരം അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
നസ്രാണി മഹാസംഗമത്തിനായി ആഗസ്റ്റ് 15വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്ട്രേഷന് www.kuravilangadpally.com എന്നീ വെബ്സൈറ്റ് സന്ദര്‍ശിക്കുക. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 04822 230224, 9447184088.
സംഗമത്തിനെത്തുന്നവര്‍ക്കായി വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും വലിയൊരു പേടകം തുറക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികള്‍ക്ക് കാണിച്ചുകൊടുത്ത അത്ഭുത ഉറവ, അര്‍ത്ഥസമ്പുഷ്ടമായ ഉല്ലേഖനങ്ങള്‍ നിറഞ്ഞ ഒറ്റക്കല്‍കുരിശ്, ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികള്‍, എട്ടുനാക്കുകളുള്ള ഒറ്റത്തടിയില്‍ തീര്‍ത്ത ചിരവ, ചരിത്രവിസ്മയം സമ്മാനിക്കുന്ന മ്യൂസിയം, മതസൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ചെറിയ പള്ളി എന്നിങ്ങനെ വിദേശികളെയടക്കം ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അവിഭക്തനസ്രാണി സഭകളുടെ അഭിമാനമായിരുന്ന അര്‍ക്കദിയാക്കോന്മാര്‍, പ്രഥമ ഏതദ്ദേശീയ മ്രെതാന് പറമ്പില്‍ ചാണ്ടി, ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ നിധീരിക്കല്‍ മാണിക്കത്തനാര്‍, പുണ്യശ്ലോകന്‍ പനംങ്കുഴയ്ക്കല്‍ വല്യച്ചന് തുടങ്ങിയവരെ ആധ്യാത്മിക രംഗത്തും ഷെവലിയര്‍ വി.സി ജോര്‍ജ്, ഡോ. പി.ജെ തോമസ് തുടങ്ങിയവരെ പൊതുരംഗത്തും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചരിത്രപാരമ്പര്യവും കുറവിലങ്ങാടിനുണ്ട്. മണര്‍കാട്, അതിരമ്പുഴ, രാമപുരം, മുട്ടുചിറ, കോതനെല്ലൂര്‍, പാലാ കത്തീഡ്രല്‍ എന്നിവയടക്കമുള്ള ദേവാലയങ്ങളുടെ പെറ്റമ്മയുമാണ് ഏഷ്യയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട്. പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി,കോർ കമ്മറ്റിയംഗങ്ങാളയ
ബെന്നി കൊച്ചുകിഴക്കേടം,
ജിമ്മി പാലയ്ക്കല്‍,ടാന്സണ് പൈനാപ്പിള്ളില്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.