ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ മൂന്നുനോമ്പ് തിരുനാളിന് ഇന്നു കൊടിയേറി.
ദേശതിരുനാളുകളും പത്താം തീയതി തിരുനാളും സഭൈക്യവാരാചരണവും സമ്മാനിച്ച ആത്മീയതയുടെ നിറവിലാണു മൂന്നുനോമ്പ് തിരുനാളിലേക്കുള്ള പ്രവേശനം. തിങ്കൾ മുതൽ ബുധൻ വരെയാണു തിരുനാൾ ആഘോഷം. തിരുനാളിന്റെ പ്രധാനദിനമായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിനാണു കപ്പൽ പ്രദക്ഷിണം. തീവെട്ടികൾ വെളിച്ചം വിതറുന്ന രാത്രി പ്രദക്ഷിണങ്ങളും, നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ആന അകമ്പടിയും കുറവിലങ്ങാട് നടക്കുന്ന മൂന്നുനോമ്പ് തിരുനാളിന്റെ പ്രത്യേകതയാണ്.
കടൽപാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂർ നിവാസികൾക്കാണ് എക്കാലവും കപ്പൽ സംവഹിക്കാനുള്ള അവകാശം. തിരുനാളിൽ തിരുസ്വരൂപങ്ങൾ സംവഹിക്കുന്നത് കാളികാവ് കരക്കാരും മുത്തുക്കുടകൾ സംവഹിക്കുന്നതു മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരുമാണ്. ഈ വർഷം മുതൽ ഇടവകയിലെ 81 കുടുംബ കൂട്ടായ്മകളിൽനിന്നുള്ള പ്രതിനിധികളെയും മുത്തുക്കുടകൾ സംവഹിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരുനാളിന്റെ ആദ്യദിനമായ നാളെ 8.30നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും. വൈകുന്നേരം 5.00ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ചൊവ്വാഴ്ച രാവിലെ 8.30ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപത മെത്രാൻ യൂഹനാൻ മാർ തിയഡോഷ്യസും 10.30ന് താമരശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലും വിശുദ്ധ കുർബാനയർപ്പിക്കും. ഒന്നിന് വിശ്വപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.
സമാപനദിനമായ ബുധനാഴ്ച വൈകുന്നേരം 4.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
തിരുനാളിനു ശേഷം വരുന്ന ശനി, ഞായർ (8, 9) തീയതികളിൽസിറോ മലബാർ സഭാതലവന്റെ സ്ഥാനീയ ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ, സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം നടത്തും.
മൂന്നുനോമ്പ് തിരുനാളിനായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, തിരുനാൾ ജനറൽ കണ്വീനർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.