ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി കരുണയുടെ ജൂബിലി വർഷത്തിൽ പുത്തൻ ചരിത്രത്തിനു വേദിയാകുന്നു. 342 ദിനരാത്രങ്ങൾ ഇടവേളയില്ലാതെ പ്രാർത്ഥന നടത്തിയാണ് ഈ ദേവാലയം ലോകത്തുതന്നെ ശ്രദ്ധനേടുന്നത്. അഖണ്ഡപ്രാർഥന ഇന്ന് 320 ദിനം പിന്നിടുകയാണ്. ഇതോടെ 7680 മണിക്കൂർ തുടർച്ചയായി പ്രാർത്ഥന നടത്താനായെന്ന റിക്കാർഡ് കുറവിലങ്ങാടിന് കരഗതമാകുകയാണ്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ തുറന്ന കരുണയുടെ വാതിലിലൂടെ പ്രവേശിച്ച് പ്രാർത്ഥിക്കാനായി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലിമീസ് കാതോലിക്കാബാവ, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ഇരുപതോളം ബിഷപ്പുമാർ, മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ഇവിടെ എത്തിയിരുന്നു.
കഴിഞ്ഞ ഡിസംബർ 13ന് കരുണയുടെ വിശുദ്ധ കവാടം തുറന്നതുമുതൽ ഇന്നോളം ഒരുനിമിഷം പോലും പ്രാർത്ഥനയുടെ പ്രതിധ്വനികളുയരാത്ത ദിവസങ്ങളില്ലായിരുന്നു എന്നതാണ് ഈ ദേവാലയത്തിന്റെ പ്രത്യേകത. സദാസമയം കരുണയുടെ കവാടം തുറന്നിരിക്കുന്നവെന്ന പ്രത്യേകത പല ദേവാലയങ്ങളിലുമുണ്ടെങ്കിലും മുഴുവൻ സമയവും പ്രാർത്ഥനയെന്നത് കുറവിലങ്ങാട്ടെ കാരുണ്യവർഷാചരണം വേറിട്ടതാക്കി. ഇടവകയിലെ 3054 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന 81 കുടുംബകൂട്ടായ്മകളും സംഘടനകളും വൈദിക, സന്യാസിനി സമൂഹവുമാണ് ഇടമുറിയാത്ത പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്. 81 കുടുംബകൂട്ടായ്മകൾ മൂന്നുതവണ വീതം 243 ദിനരാത്രങ്ങൾ പൂർണ്ണമായി പ്രാർത്ഥന ഏറ്റെടുത്തു നടത്തി. ഇടവകയിലെ സംഘടനകളും ചില കുടുംബങ്ങളും ഇതിനുപുറമെ കൂടുതൽ ദിവസങ്ങൾ ദേവാലയത്തിൽ ചെലവഴിച്ചു. കുറുപ്പന്തറ ജറീക്കോ പ്രാർഥനാലയം. വിവിധ സംഘടനകളുടെ രൂപതാസമിതികൾ എന്നിവർ ചിലരാത്രികളിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. ഇന്നലെ രാത്രിയിൽ മണക്കാട്ട് കുടുബയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന.
രാത്രിയിലും തുറന്നിരുന്ന് പ്രാർത്ഥന നടത്തുന്ന ദേവാലയമെന്ന നിലയിൽ വലിയ നോമ്പിന്റെ ദിനങ്ങളിൽ രാത്രിയിലടക്കം വൻജനപ്രവാഹത്തിനാണ് ദേവാലയം വേദിയായത്.
പ്രാർഥനയ്ക്കൊപ്പം കാരുണ്യപ്രവർത്തികളിലും ഇടവക വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായി. ഭൂരഹിതരായ ഏഴുപേർക്ക് സ്ഥലം നൽകാൻ ഇടവകയ്ക്ക് കഴിഞ്ഞു. കരുണയുടെ വാതിൽ തുറന്നിരിക്കുന്ന 342 ദിനങ്ങളിൽ ഒരു ദിനം ഒരു വീടിന് എന്ന ക്രമത്തിൽ നാനാജാതിമതസ്ഥരായ 342 വീടുകൾക്ക് അരലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി വീട് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ കാരുണ്യപ്രവർത്തികളും ഇടവകയിൽ നടക്കുന്നുണ്ട്.
വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സഹവികാരിമാരായ ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോർജ് എട്ടുപറ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാരുണ്യവർഷത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്