സഭൈക്യവാരത്തിലൂടെ തുടങ്ങി ദേശതിരുനാളുകളിലൂടെ പുത്തൻ ഉണർവ് നേടിയ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിൽ പത്താംതിയതി തിരുനാളിനും സമാപനം ആയി. ഇനി ഫെബ്രുവരി 6 ,7 , 8 തീയതികളിൽ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ. തിരുന്നാളിന് കൊടിയേറുന്നതോടെ ഇടവക സമൂഹവും മുത്തിയമ്മ ഭക്തരും ആത്മീയതയുടെ വലിയ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും. ദേശ വിദേശങ്ങളിൽ ഒരേപോൽ കാത്തിരിക്കുന്ന മൂന്ന് നോമ്പ് തിരുനാളിന് പങ്കെടുക്കുവാൻ വിദേശങ്ങളിൽനിന്നും വിശ്വാസികൾ എത്തിത്തുടങ്ങി. ഫെബ്രുവരി 5 ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറ്റും.
പത്താംതീയതി തിരുനാളിന്റെ രണ്ട് ദിനങ്ങളിലും അനേകായിരങ്ങളാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടിയെത്തിയത്. സമാപനദിനമായിരുന്ന ഇന്നലെ കടുത്തുരുത്തി ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് നൊവേനയും ലദീഞ്ഞും പ്രദക്ഷിണവും നടന്നു.