കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് തിരുന്നാൾ. തിരുനാളിന് മുന്നോടിയായി അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്‍റെ നേതൃത്വത്തിൽ അഭിഷേകാഗ്നി കണ്‍വൻഷൻ ഈ മാസം 27 മുതൽ 31 വരെ തീയതികളിൽ നടക്കും.
എട്ടുനോമ്പിന്‍റെ ഓരോ ദിവസവും പ്രത്യേക ദിനാചരണങ്ങളോടെയാണ് ആഘോഷിക്കുന്നത്.
ആദ്യദിനവും മാസാദ്യവെള്ളിയുമായ ഒന്നിന് കുമ്പസാരദിനമാണ്. കുമ്പസാരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനായി ഓരോ മാസാദ്യ വെള്ളിയാഴ്ചകളിലും കുറവിലങ്ങാട് പള്ളിയിൽ പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. എട്ടുനോമ്പിലെ മാസാദ്യവെള്ളിയെന്ന നിലയിൽ അനേകായിരങ്ങൾ എത്തിച്ചേരുമെന്നതിനാൽ വിപുലമായ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യദിനം വൈകുന്നേരം അഞ്ചിന് തിരുവന്തപുരം മലങ്കര അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
രണ്ടാംദിനം സമർപ്പിതരുടെ ദിനമാണ്.
മൂന്നാംദിനം നാടിന്‍റെ കാർഷിക പാരമ്പര്യം അനുസ്മരിച്ചും നല്ലവിളവിനുമായി പ്രാർത്ഥിച്ച് കർഷകദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
നാലാംദിനം സംഘടനാദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിക്കും.
അഞ്ചാംദിനം വാഹനസമർപ്പണദിനമാണ്. വാഹനങ്ങൾ വെഞ്ചരിച്ച് പ്രത്യേക പ്രാർത്ഥന നടത്തും. താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ആറാംദിനം കൂടുംബകൂട്ടായ്മ ദിനമായാണ് ആചരിക്കുക.
ഏഴാംദിനം വിശ്വാസികളെ മുത്തിയമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്ന സമർപ്പണ ദിനമായി ആചരിക്കും.
മാതാവിന്‍റെ ജനനതിരുനാൾ ദിനമായ എട്ടിന് രാവിലെ 9.30ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ തിരുനാൾകുർബാനയർപ്പിച്ച് സന്ദേശം നൽകും. 11നാണ് മേരിനാമധാരി സംഗമം.
എട്ടുനോമ്പിന്‍റെ ദിനങ്ങളിൽ വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുർബാനയെതുടർന്ന് മാതാവിന്‍റെ നൊവേനയും ജപമാലപ്രദക്ഷിണവും നടക്കും. എല്ലാദിവസവും ഏഴിന് നേർച്ചവിതരണം.
മർത്തമറിയം ഫൊറോനാപള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരിയും ജനറൽ കണ്‍വീനറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, സ്പെഷൽ കണ്‍ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ, ദേവമാതാ കോളജ് അസി. പ്രൊഫ. ഫാ. മാത്യു കവളമ്മാക്കൽ എന്നിവരുടേയും യോഗപ്രതിനിധികളുടെയും കുടുംബകൂട്ടായ്മ, പ്രമോഷൻ കൗണ്‍സിൽ ഭാരവാഹികളുടേയും നേതൃത്വത്തിലാണ് തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തീകരിക്കുന്നത്.