കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ഇടവകയിൽ എട്ടുനോമ്പാചരണത്തിന്റെ നാലാം ദിനമായ ഇന്ന് സംഘടനാദിനാചരണം നടക്കും. എട്ടുനോമ്പാചരണത്തിന്റെ മൂന്നാം ദിനമായിരുന്ന ഇന്നലെ ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി. മര്‍ത്ത്മറിയം ഫൊറോന പള്ളി സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹവികാരി ഫാ. മാത്യു പിണക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി.
എട്ടുനോമ്പാചരണത്തിന്റെ നാലാം ദിനമായ ഇന്ന് സംഘടനാദിനാചരണം നടക്കും. ഇടവകയിലെ മുഴുവന്‍ സംഘടനകളും തങ്ങളുടെ സംഘശക്തി വിളിച്ചറിയിച്ച് മുത്തിയമ്മയ്ക്കരുകില്‍ സംഗമിക്കും. സംഘടനാംഗങ്ങള്‍ അവരവരുടെ സംഘടനാപതാകയ്ക്ക് പിന്നില്‍ അണിനിരന്ന് പ്രാര്ത്ഥനാമഞ്ജരികളുമായി പള്ളിയില്‍ എത്തുന്നതോടെ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.
ഇന്നു വൈകുന്നേരം 5.00ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് നൊവേനയും തുടര്‍ന്ന് ജപമാലപ്രദക്ഷിണവും നടത്തും.
തിരുനാളിന്റെ മൂന്നാംദിനമായിരുന്ന ഇന്നലെ നാടിന്റെ കാര്‍ഷിക പാരമ്പര്യം വിളിച്ചറിയിച്ച് കര്‍ഷകദിനാചരണം നടന്നു. കര്‍ഷകര്‍ തങ്ങളുടെ വിളവിന്റെ അംശം മുത്തിയമ്മയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി.
നാളെ വാഹനസമര്പ്പണദിനമായി ആചരിക്കും. വൈകുന്നേരം 5.00ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയിൽ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.