നവീകരിച്ച കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ ദേവാലയത്തിന്റെ വെച്ചരിപ്പുകർമ്മം 2018 ജനുവരി 21നു ഞായറാഴ്ച അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാന്റെ കാർമ്മികത്വത്തിൽ രാവിലെ 10.30നു നടത്തും. മാതാവ് പ്രത്യക്ഷപ്പെട്ടു കുട്ടികൾക്കു ദാഹശമനത്തിനായി കാണിച്ചുനൽകിയ അദ്‌ഭുത ഉറവ പൂർവ്വരൂപത്തിൽ ദൃശ്യവത്കരിച്ചതിന്റെ വെച്ചരിപ്പുകർമ്മം അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നടത്തും.
തുടർന്ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് മൂന്നുനോമ്പ് തിരുന്നാൾ കൊടിയേറ്റും.
തുടർന്ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട്, അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, വികാരിജനറാൾമാരായ റവ. ഡോ. ജോസഫ് ഡോ. ജോസഫ് കൊല്ലംപറമ്പിൽ, റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, റവ. ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഉള്ളനാട് ഇടവക വികാരി റവ. ഡോ. ജോസ് കോട്ടയിൽ, മുത്തോലപുരം ഇടവക വികാരി റവ. ഫാ. ജോർജ് മുളങ്ങാട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന.
22ന് തിങ്കളാഴ്ച രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 5.00ന് മാര്‍ ജേക്കബ് മുരിക്കന്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. എട്ടിന് കുര്യനാട്, കോഴാ, തോട്ടുവ, പകലോമറ്റം എന്നിവിടങ്ങളില്‍നിന്നുള്ള പ്രദക്ഷിണങ്ങള്‍ പള്ളിയില്‍നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയില്‍ സംഗമിക്കും. പ്രധാന തിരുനാള്‍ ദിനമായ ചൊവാഴ്ച 8.30ന് സീറോമലങ്കര സഭ കൂരിയ മെത്രാനും അപ്പസ്തോലിക് വിസിറ്റേറ്ററുമായ യൂഹന്നാന്‍ മാര്‍ തിയഡോഷ്യസ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 10.30ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഒരുമണിക്ക് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. മൂന്നാംദിനമായ 24ന് ബുധനാഴ്ച വൈകുന്നേരം 4.30ന് സീറോ മലബാര്‍ സഭ കൂരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.
3100 ഓളം കുടുംബങ്ങളും പതിനാറായിരത്തോളം അംഗങ്ങളും ഉള്ള സിറോ മലബാർ സഭയിലെ ഏറ്റവും വലിയ ഇടവകയാണ് കുറവിലങ്ങാട് ഇടവക. പാലയൂരിൽ നിന്ന് എഡി 105ൽ എത്തിയതാണു കുറവിലങ്ങാട്ടെ ക്രൈസ്തവ സമൂഹമെന്നാണു ചരിത്രം. എഡി 335ൽ ലോകത്തിലാദ്യമായി പരിശുദ്ധ മാതാവിന്റ ദർശനം ലഭിച്ചു ദേവാലയത്തിനു സ്ഥാനനിർണ്ണയം നടത്തിയതോടെയാണ് കുറവിലങ്ങാട്ട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന ദേവാലയം കേന്ദ്രീകരിച്ച് ആരാധന സമൂഹം വളർന്നത്. എഡി 345ൽ എദേസ്സയിൽ നിന്നെത്തിയ മാർ യൗസേപ്പ് മെത്രാനാണ് ആദ്യകാലത്തെ പള്ളിയുടെ വെഞ്ചരിപ്പ് കർമം നിർവഹിച്ചത്. ഇപ്പോൾ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീർത്തിയുടെ ഭാഗത്തായിരുന്നു ആദ്യ ദേവാലയം. പിന്നീട് പലവട്ടം പള്ളി പുതുക്കിപ്പണിതു. 1599 ജൂണിനും നവംബറിനുമിടയിൽ ഉദയംപേരൂർ സുന്നഹദോസിനോടനുബന്ധിച്ചു പോർച്ചുഗീസുകാരനായിരുന്ന ഗോവയിലെ മാർ മെനേസിസ് മെത്രാപ്പൊലീത്ത കുറവിലങ്ങാട് സന്ദർശിച്ചപ്പോഴാണു കല്ലുകൊണ്ടുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. അതിനു മുൻപു മുളകൊണ്ടു നിർമ്മിച്ച ദേവാലയമായിരുന്നു.
അതിനുശേഷം പുതിയ പള്ളി നിർമ്മിച്ചത് ഫാ. തോമസ് മണക്കാട്ട് വികാരിയായിരിക്കുമ്പോൾ 1954–60 കാലഘട്ടത്തിലാണ്. പഴയ പള്ളിയുടെ മദ്ബഹയും തെക്കും വടക്കുമുള്ള സങ്കീർത്തികളും നിധീരിക്കൽ മാണിക്കത്തനാർ ഉപയോഗിച്ചിരുന്ന മുറിയും നിലനിർത്തിക്കൊണ്ടാണ് പുതിയ പള്ളി നിർമ്മിച്ചത്.
തനിമയും പ്രൗഢിയും നിലനിർത്തി ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിലെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന മൂന്നുനോമ്പ് തിരുനാളിനു മുൻപു പള്ളി പുതുമോടിയണിയും. ക്രൈസ്തവ സഭാ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് കുറവിലങ്ങാട് പള്ളി.
പോർച്ചുഗീസ് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹ ഉൾപ്പെടെയുള്ളവയാണു നവീകരിക്കുന്നത്. വേഗത്തിൽ ജോലികൾ പുരോഗമിക്കുന്ന പള്ളിയകത്തു കയറിയാൽ കാണാം പുതുമയുടെ പ്രൗഢി. മേൽക്കൂരയുടെ രണ്ടു വശങ്ങളിലും തടിയിൽ കൊത്തുപണികളോടു കൂടിയ സീലിങ്, നടുവിൽ സീലിങ്ങിനു മധ്യഭാഗത്തായി പരിശുദ്ധ ദൈവമാതാവ് കുറവിലങ്ങാട്ട് പ്രത്യക്ഷയായി പള്ളി സ്ഥാപിക്കാൻ നിർദേശം നൽകുന്ന 36 അടി നീളവും 16 അടി വീതിയുമുള്ള കൂറ്റൻ ചിത്രം. ക്യാൻവാസിൽ വരച്ച ഈ ചിത്രം വിശ്വാസികൾക്കു പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുന്നത്. പുതുക്കി നിർമ്മിക്കുന്ന അൾത്താരയുടെ മുൻഭാഗത്തു മുകളിലായി പരിശുദ്ധ മാതാവിന്റെ കീരിടധാരണത്തിന്റെ ചിത്രവും പൂർത്തിയായിട്ടുണ്ട്. ഗ്ലാസ് മൊസൈക് ഉപയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്. പള്ളിയുടെ നവീകരണത്തിന്റെ ഭാഗമായി വശങ്ങളിൽ ഗ്ലാസ് ചിത്രങ്ങൾ, വർണ്ണവൈവിധ്യമുള്ള ജനാലകൾ തുടങ്ങിയവയുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
പോർച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹ കൂടുതൽ കമനീയമാക്കി. പള്ളിയകത്ത് മദ്ബഹയിലുള്ള പറമ്പിൽ ചാണ്ടി മെത്രാന്റെയും ബേമ്മയിലുള്ള പനങ്കുഴയ്ക്കൽ വല്യച്ചൻ, നീധീരിക്കൽ മാണിക്കത്തനാർ എന്നിവരുടേയും കബറിടങ്ങൾ കൂടുതൽ വ്യക്തമായി വിശ്വാസികൾക്കു ദർശിക്കുന്നതിന് നവീകരിച്ചിട്ടുണ്ട്. വിശുദ്ധരുടെ തിരുശേഷിപ്പുകൾ വിശ്വാസികൾക്കു വണങ്ങി പ്രാർഥിക്കാൻ കഴിയുംവിധം വടക്കേസങ്കീർത്തിക്കു മുൻപിലായി പ്രത്യേക പേടകമൊരുക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ പേടകത്തിന് മുകളിലായി ലൂക്കാ സുവിശേഷകൻ വരച്ച മാതാവിന്റെ തനിപ്പകർപ്പായ ചിത്രം പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവാലയത്തിൽ ഉണ്ടായിരുന്നതും കാലപ്പഴക്കത്തിൽ ഭാഗിക മാറ്റങ്ങൾ ഉണ്ടായതുമായ ഇരു വശങ്ങളിലുള്ള അൾത്താരകളും നവീകരണത്തിന്റെ ഭാഗമായി കമനീയമാക്കി.
പതിനായിരകണക്കായി എത്തുന്ന തീർത്ഥാടകർക്ക് ദേവാലയത്തിന്റെ ഇരുവശങ്ങളിലിരുമിരുന്നു തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനു വേണ്ടിയുള്ള ദേവാലയ വികസന നിർമ്മാണ ജോലികളും പുരോഗമിക്കുകയാണ്.
മർത്തമറിയം ഫൊറോനാ പള്ളി നവീകരണത്തിന്റെ ഓർമ്മയ്ക്കായി തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കും. പള്ളിയുടെ ചരിത്രവും ചിത്രവും ആലേഖനം ചെയ്ത കവറാണു പുറത്തിറക്കുന്നത്. 22നു കവർ പ്രകാശനം ചെയ്യും.
വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ, സഹവികാരി ഫാ. ജോർജ് എട്ടുപറയുടെ മേൽനോട്ടത്തിൽ മറ്റു വൈദികരുടെയും ജനറൽ കോ-ഓർഡിനേറ്റർ ജോസഫ് തുമ്പിയാംകുഴി, കോ-ഓർഡിനേറ്റർ ഡൊമിനിക് വട്ടംകുഴി, പള്ളി ട്രസ്റ്റിമാർ, യോഗപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണു നവീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.