എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ ആരംഭിച്ചു

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് തിരുന്നാൾ. തിരുനാളിന് മുന്നോടിയായി അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്‍റെ നേതൃത്വത്തിൽ അഭിഷേകാഗ്നി കണ്‍വൻഷൻ ഈ മാസം 25 മുതൽ 29 വരെ തീയതികളിൽ നടക്കും.

നോമ്പിന്റെ എട്ട് ദിനങ്ങളിലും വൈദിക മേലധ്യക്ഷന്മാരുടെ കാർമികത്വത്തിൽ കുർബാനയും തിരുക്കർമ്മങ്ങളും നടക്കും. എട്ടു ദിനങ്ങളിലായി ഒൻപതു മെത്രാന്മാരാണ് എത്തുക. ആദ്യദിനമായ സെപ്റ്റംബർ ഒന്നിനു ശനിയാഴ്ച സത്ന രൂപത മുൻമെത്രാൻ മാർ മാത്യു വാണിയകിഴക്കേൽ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

രണ്ടാംദിനം (ഞായർ) രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കലും വൈകിട്ട് ബൽത്തങ്ങാടി ബിഷപ് ലോറൻസ് മുക്കുഴിയും കുർബാനയർപ്പിച്ചു സന്ദേശം നൽകും.

മൂന്നാംദിനം (തിങ്കൾ) ഭദ്രാവതി രൂപത മുൻമെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്കുർബാനയർപ്പിച്ചു സന്ദേശം നൽകും.

നാലാംദിനം (ചൊവ്വാ) തൃശൂർ അതിരൂപത മുൻമെത്രാൻ മാർ ജേക്കബ് തൂങ്കുഴി കുർബാനയർപ്പിച്ചു സന്ദേശം നൽകും.

അഞ്ചാംദിനം (ബുധൻ) ഘോരഖ്പൂർ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം കുർബാനയർപ്പിച്ചു സന്ദേശം നൽകും.

ആറാംദിനം (വ്യാഴം) പാലാരൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

ഏഴാംദിനം (വെള്ളി) പാറശാശാല മലങ്കര കത്തോലിക്കാ രൂപത മെത്രാൻ തോമസ് മാർ യൗസേബിയോസ് കുർബാനയർപ്പിച്ചു സന്ദേശം നൽകും.

പ്രധാന തിരുനാൾ ദിനമായ എട്ടിന് (ശനി) പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിലാണ് തിരുക്കർമ്മങ്ങൾ. സമാപന ദിനത്തിൽ മേരിനാമധാരി സംഗമവും നടക്കും.

നോമ്പിന്റെ ഓരോ ദിനങ്ങളിലും ഓരോ സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ആർച്ച് പ്രീസ്റ്റ് ഡോ. ജോസഫ് തടത്തിൽ അറിയിച്ചു. ആർച്ച് പ്രീസ്റ്റിനൊപ്പം സിനീയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കൺഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവരുടെ നേതൃത്വത്തിൽ യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും പ്രമോഷൻ കൗൺസിൽ അംഗങ്ങളും ഉൾപ്പെടെയുള്ള വിവിധ കമ്മിറ്റികൾ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു.

ഇടവക മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് ഡീക്കൻ ദേവാലയമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ എട്ടുനോമ്പാചരണമാണിത്.