കുറവിലങ്ങാട്ട് സെപ്റ്റംബർ ഒന്നിന്, മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമത്തിന്റെ സ്മരണാർത്ഥം ഭവനരഹിതർക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്നു നടക്കും. ഇന്നു വൈകുന്നേരം നാലിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും.
ഇടവകയിൽ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോടു ചേർത്ത് കാരുണ്യഭവനം മറിയം വീടുകളെന്നും ഈ പദ്ധതി വിളിക്കപ്പെടുന്നുണ്ട്. ഇടവകാംഗമായ ജോസഫ് പുതിയിടം ആണ് എട്ട് ഭവനങ്ങൾക്കുള്ള സ്ഥലം ദാനംചെയ്തത്. തന്റെ മാതാവിന്റെ അനുസ്മരണാർഥമാണ് 30 സെന്റ് സ്ഥലം തന്റെ വിഹിതത്തിൽനിന്ന് സംഭാവന ചെയ്യാൻ തീരുമാനമെടുത്തതെന്ന് ജോസഫ് പറഞ്ഞു.
എട്ട് ഭൂരഹിത കുടുംബങ്ങളെ കണ്ടെത്തി മൂന്ന് സെന്റ് ഭൂമി വീതം അവരുടെ പേരിൽ എഴുതി നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഓരോ കുടുംബത്തിനും 600 ചതുരശ്ര അടി വിസ്തീർണമുള്ള വീട് പണിതു നൽകാനാണ് തീരുമാനം. ഇതിനുള്ള തുക ഇടവകയുടെ നേതൃത്വത്തിൽ കണ്ടെത്തും. സ്ഥലം സംഭാവന ചെയ്ത ജോസഫ് പുതിയിടന്റെ സാമ്പത്തിക സഹായവും ഭവനനിർമ്മാണത്തിലുണ്ടാകും.
നസ്രാണി മഹാസംഗമം നടക്കുന്ന സെപ്റ്റംബർ ഒന്നിന് വീടുകളുടെ താക്കോൽദാനം നടത്താനാകുന്ന വിധത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. സഹവികാരിയും വി. കൊച്ചുത്രേസ്യാ സോൺ ഡയറക്ടറും നസ്രാണി മഹംസംഗമത്തിന്റെ കൺവീനറുമായ ഫാ. തോമസ് കുറ്റിക്കാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടുനിർമാണത്തിന് നേതൃത്വം നൽകുന്നത്.
കാരുണ്യവർഷത്തോടനുബന്ധിച്ച് കരുണയുടെ വിശുദ്ധകവാടം തുറന്നപ്പോൾ 342 ദിനങ്ങളിൽ ഒരു ദിനം ഒരു വീടിന് എന്ന ക്രമത്തിൽ 342 വീടുകളുടെ നിർമാണത്തിന് അര ലക്ഷം രൂപവീതം നൽകി ഇടവക സാമൂഹിക പ്രതിബദ്ധത വെളിവാക്കിയിരുന്നു. നാനാജാതി മതസ്ഥരായവർക്ക് സഹായഹസ്തം നീട്ടിയ ഇടവക കാരുണ്യവർഷസമാപനത്തിൽ വീടുകളുടെ നിർമ്മാണപൂർത്തീകരണത്തിനും സാമ്പത്തിക സഹായം നൽകിയിരുന്നു.