കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലയുടെയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയുടെയും സ്മാരകമന്ദിരങ്ങളുടെ ശിലാസ്ഥാപനം ശനിയാഴ്ച നടക്കും. രാവിലെ 8.30 ന് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിലും തുടർന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ശിലാസ്ഥാപനവും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും നടക്കും. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ശിലാസ്ഥാപനം നിർവഹിക്കും. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പനൻകുറ്റി എന്നിവർ സഹകാർമികരാകും. സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർമാരായ ജോർജുകുട്ടി ജേക്കബ്, സിസ്റ്റർ ലിസ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും പങ്കെടുക്കും.
സെന്റ് മേരീസ് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ 18 ക്ലാസ് മുറികളും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിൽ ആറ് ക്ലാസ്മുറികളുമാണ് ജൂബിലി സ്മാരകമായി നിർമ്മിക്കുന്നത്. മുൻരാഷ്ട്രപതി ഡോ. കെ.ആർ നാരായണനടക്കം പഠനത്തിന് അവസരം സമ്മാനിക്കാനായ സ്കൂളാണ് ശതോത്തര രജത ജൂബിലി ആഘോഷിക്കുകയും സ്മാരക മന്ദിരമുയരുകയും ചെയ്യുന്നതെന്നത് നാടിന് വലിയ സന്തോഷപ്രദമാണ്.നിധീരിക്കൽ മാണിക്കത്തനാർ സ്ഥാപിച്ച സ്കൂൾ ഇതിനോടകം അനേകായിരങ്ങൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകിയിട്ടുണ്ട്.
നാടിന്റെ പെണ്പള്ളിക്കൂടമെന്ന വിശേഷണമാണ് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിനുള്ളത്. പതിനായിരക്കണക്കായ പെണ്കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകാൻ കഴിഞ്ഞതിന്റെ ആവേശമാണ് ഈ പെണ്പള്ളിക്കൂടത്തിനുള്ളത്. ഉപജില്ലാതല കലോത്സവങ്ങളിലും മേളകളിലും വിവിധ സ്കോളർഷിപ്പുകളിലും ഒന്നാംനിരയ്ക്കാണ് ഇവിടുത്തെ വിദ്യാർത്ഥികൾ.