നസ്രാണിസഭയുടെ വീരപുത്രന്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷികമായിരുന്നല്ലോ ഈ മെയ് 27ന്. മാതൃ ഇടവകയായ കുറവിലങ്ങാടിന് അഭിമാനം നല്‍കുന്ന ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. പൈതൃകം അനന്യമായ രീതിയില്‍ പേറുന്ന സ്വന്തം ഇടവകയുടെ വികാരിയെന്ന സ്ഥാനം വഹിക്കുവാനും ഈ മഹാപുരുഷന് സാധിച്ചു. ദീര്‍ഘവീക്ഷണവും സിദ്ധിവൈഭവവും മികവുറ്റ പ്രവര്‍ത്തനപാരമ്പര്യവുമെല്ലാം കൈമുതലുണ്ടായിരുന്ന അദ്ദേഹം നസ്രാണി സഭയുടെ ഐക്യവും വളര്‍ച്ചയും അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുകയും ചെയ്തു. നാട്ടുമെത്രാന്മാരുടെ നേതൃത്വം നസ്രാണി സഭ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ലക്ഷ്യത്തോടെ കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ദീപിക പത്രത്തിന്റെയും ആരംഭം കുറിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. സഭയിലെ വിഭജനത്തിനു അറുതിവരുത്തുവാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടുതുടങ്ങിയപ്പോഴേക്കും പ്രതിലോമ ശക്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു.
ബഹു.മാണിയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കോട്ടയം, തൃശ്ശൂര്‍ വികാരിയാത്തുകളുടെ സ്ഥാപനത്തോടെ ഭാഗികഫലപ്രാപ്തിയിലെത്തി. കോട്ടയം വികാരിയാത്തിന്റെ പ്രത്യേകാധികാരങ്ങളോടുകൂടിയ വികാരി ജനറാളായി അദ്ദേഹം നിയമിതനായെങ്കിലും ആ സ്ഥാനം അദ്ദേഹത്തിന് മുള്‍കിരീടമായിരുന്നു. അനഭിലഷണീയ പ്രവണതകളെ അംഗീകരിക്കുവാന്‍ ആ സഭാസ്നേഹിക്കാവുമായിരുന്നില്ല. നസ്രാണി പാരമ്പര്യത്തെ മുറുകെപിടിക്കുകകൂടിചെയ്തതോടെ, അദ്ദേഹത്തിന് വികാരി ജനറാള്‍ സ്ഥാനം രാജി വയ്ക്കേണ്ടി വന്നു.
പിന്നീട് കുറവിലങ്ങാട് വികാരിയായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തോട് വീണ്ടും പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണത്രേ കുറവിലങ്ങാടിന്റെ ഫൊറോനസ്ഥാനം എടുത്തുമാറ്റി മുട്ടുചിറയെ ഫൊറോന ആക്കിയത്.
മാണിക്കത്തനാരെ വിദേശീയരായ സഭാധികാരികള്‍ വളരെ അസഹിഷ്ണതയോടെയാണ് നേരിട്ടത്. നാട്ടുകാരുടെ കൈയില്‍ നേതൃത്വം എത്തിയപ്പോഴും അറിഞ്ഞോ അറിയാതയോ അവഗണന തുടര്‍ന്നതുമാത്രമേയുള്ളൂ. 1904 ജൂണ്‍ 20ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
നിധീരിക്കല്‍ മാണിക്കത്തനാരുടെ മഹത്വം കാലം കഴിയുന്തോറും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കും എന്നുറപ്പാണ്. കുറവിലങ്ങാട്ടുകാരായ നമുക്കും അദ്ദേഹത്തിന്റെ 175-ാം ജന്മവാര്‍ഷികാവസരത്തിലെങ്കിലും അതിനുള്ള പരിശ്രമം ആരംഭിക്കാന്‍ ചുമതലയുണ്ടെന്നുള്ള കാര്യം വിസ്മരിക്കാതിരിക്കാം.
ഈശോയില്‍ സ്നേഹപൂര്‍വ്വം,
ഡോ.ജോസഫ് തടത്തില്‍
ആര്‍ച്ച്പ്രീസ്റ്റ്