തീര്‍ത്ഥാടന ത്രയങ്ങളുടെ നാട്, കുറവിലങ്ങാട്

Spread the love

”അനുഗൃഹീത കുറവിലങ്ങാട് പട്ടണ”ത്തെക്കുറിച്ചുള്ള പ്രതിപാദനം കുറവിലങ്ങാട് പളളിയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പൗരാണിക പള്ളി മണിയിലെ സുറിയാനി ഭാഷയിലുള്ള ലിഖിതത്തില്‍ കാണാം. ഇതേ മണിയില്‍ തന്നെയാണ്, ”ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ ദൈവാലയം” എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മ അഥവാ ‘എമ്മേ ദാലാഹാ’ എന്ന പ്രയോഗം ദൈവശാസ്ത്രപരവും മരിയശാസ്ത്രപരവുമായ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള നസ്രാണി അഥവാ മാര്‍ തോമാ ക്രിസ്ത്യാനികളുടെ ഉത്തരമാണ്.
കുറവിലങ്ങാട് അനുഗൃഹീതമാകുന്നത് തീര്‍ത്ഥാടകരുടെ ലക്ഷ്യസ്ഥാനമായ മൂന്ന് ദൈവാലയങ്ങളാലാണ്. പരിശുദ്ധ അമ്മ നേരിട്ടു സ്ഥാനനിര്‍ണ്ണയം ചെയ്ത മര്‍ത്ത് മറിയം ഫൊറോനാ ദൈവാലയം അഥവാ വലിയ പള്ളിയാണ് കുറവിലങ്ങാട്ടെ തീര്‍ത്ഥാടന ത്രയങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുക. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രൈസ്തവ കുടിയേറ്റം കുറവിലങ്ങട്ടേയ്ക്ക് ഉണ്ടായെങ്കിലും എ.ഡി.105 ലാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹം ഔദ്യോഗികമായി രൂപപ്പെട്ടത്. രണ്ടാം നൂറ്റാണ്ടു മുതല്‍ കുറവിലങ്ങാട് കേന്ദ്രമാക്കി ദ്രുതഗതിയിലുണ്ടായ ക്രൈസ്തവ കുടിയേറ്റത്തിനു കാരണം കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണം തന്നെയാണ് എന്നു നിസ്സംശയം പറയാം. മരിയന്‍ പ്രത്യക്ഷീകരണം ആദ്യമായി കുറവിലങ്ങാട്ട് നടന്നത് രണ്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണ് എന്നു സഭാചരിത്രപണ്ഡിതരും സഭാശാസ്ത്രജ്ഞരും ശക്തമായി സമര്‍ത്ഥിക്കുന്നതിന് കാരണം കുറവിലങ്ങാട്ടേക്ക് രണ്ടാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഉണ്ടായ കൂടുതല്‍ ശക്തമായ ക്രൈസ്തവ കുടിയേറ്റം തന്നെയാണ്. തോമാ ശ്ലീഹായുടെ കാലഘട്ടത്തിനു ശേഷമുള്ള ഈ പ്രഥമ പള്ളിക്ക് തോമാശ്ലീഹാ സ്ഥാപിച്ച പള്ളികളേക്കാള്‍ വലിയ പ്രാധാന്യം ചരിത്ത്രിലുണ്ടായെങ്കില്‍ അതിന്റെ വ്യക്തമായ കാരണവും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം തന്നെ.
തോമാശ്ലീഹാ നേരിട്ടു സ്ഥാപിച്ച പള്ളികളില്‍ പെടുന്നില്ലെങ്കിലും തോമാശ്ലീഹാ ‘തൊട്ടനുഗ്രഹിച്ച’ ഏക പള്ളിയെന്നു കുറവിലങ്ങാടിനെ അകത്തോലിക്കരായ നസ്രാണികള്‍ പോലും വിശേഷിപ്പിക്കാന്‍ കാരണം മരിയന്‍ പ്രത്യക്ഷീകരണമാണെന്നത് ഏറെ ചിന്തനീയമാണ്. ഇത്തരമൊരു ചിന്തക്കു കാരണം തോമാശ്ലീഹായ്ക്കു പരിശുദ്ധ അമ്മയോടു വിശേഷാല്‍ ഭക്തിയുണ്ടായിരുന്നു എന്ന പാരമ്പര്യമാണ്. ഈ പാരമ്പര്യത്തിനു ബലമേറുന്നതാണ് നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഠൃമിശൌേ െങമൃശമല. അതിന്‍പ്രകാരം പരിശുദ്ധ അമ്മ തന്റെ അരക്കെട്ടു (സൂനാറ) സമ്മാനമായി നല്കിയത് പത്രോസിനോ യോഹന്നാനോ അല്ല, തോമസിനാണ്. ഈശോയ്ക്കു ഇരട്ട പിറന്നവനായ തോമാശ്ലീഹയോടു പരിശുദ്ധ അമ്മയ്ക്കുള്ള മാതൃസ്നേഹത്തിന്റെ അടയാളമായി ഈ സമ്മാനം വ്യാഖ്യാനിക്കപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ തന്റെ പേരിലുള്ള ഏറ്റവും പ്രധാന ക്രൈസ്തവ കേന്ദ്രമായി തീര്‍ന്ന കുറവിലങ്ങാട്ട്, പരി. അമ്മയുടെ പ്രത്യേക സന്നിധ്യം നിത്യമായി ഉണ്ടാകുവാന്‍ തോമസ് ആഗ്രഹിച്ചത്രെ.
മാര്‍ തോമാശ്ലീഹായുടെ മാതൃഭക്തി ഒന്നാം നൂറ്റാണ്ടു മുതല്‍ പിതൃസ്വത്ത് പോലെ ലഭിക്കുകയും ജീവിക്കുകയും ചെയ്ത കുറവിലങ്ങാട്ടെ മാര്‍ തോമാ നസ്രാണികള്‍ക്ക് ലോകത്തിലെ ആദ്യ മരിയന്‍ പ്രത്യക്ഷീകരണം സമ്മാനമായി ലഭിച്ചു. കുറവിലങ്ങാട്ടു മാത്രമല്ല ഇവിടെ നിന്നും ജന്മമെടുത്ത ചെറുതും വലുതുമായ പുരാതന ക്രൈസ്തവ സമൂഹങ്ങളെല്ലാം പരി. മറിയത്തിന്റെ പേരാണ് സ്വീകരിച്ചത്- ചില സമൂഹങ്ങള്‍ പിന്നീടു പ്രത്യേക ചില സാഹചര്യങ്ങളാല്‍ പേരു മാറിയെങ്കിലും. ഉദാഹരണമായി അതിരമ്പുഴ, കോതനല്ലൂര്‍, മണര്‍കാട്, രാമപുരം.
തീര്‍ത്ഥാടന ത്രയങ്ങളില്‍ രണ്ടാമത്തേതായ പകലോമറ്റം തറവാടുപളളി 4-ാം നൂറ്റാണ്ടു മുതല്‍ 17-ാം നൂറ്റാണ്ടുവരെ അവിഭക്ത നസ്രാണി സമൂഹത്തെ നയിച്ച സ്വാത്വിക പിതാക്കന്മാരും ശക്തരായ ഭരണാധിപന്മാരുമായിരുന്ന അര്‍ക്കദിയാക്കോന്മാരോടു ബന്ധപ്പെട്ടതാണ്. അര്‍ക്കദിയാക്കോന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന വൈദിക പ്രമുഖരെല്ലാം പകലോമറ്റം തറവാടു കുടുംബക്കാരായിരുന്നു എന്നപോലെ അവരുടെ ആസ്ഥാനവും പകലോമറ്റമായിരുന്നു. ഇന്ത്യ മുഴുവനിലും അര്‍ക്കദിയാക്കോന് അധികാരമുണ്ടായിരുന്നു എന്നത് കൊണ്ടാണല്ലോ Archdeacon of all India എന്ന സ്ഥാനപേരില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതിലേ കടന്നു പോകുന്ന നസ്രാണി ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് അകത്തോലിക്കര്‍ പകലോമറ്റം തറവാടുപള്ളിയുമായി പുലര്‍ത്തുന്ന ബന്ധം അതിന്റെ തീര്‍ത്ഥാടന പ്രാധാന്യം കൂടുതല്‍ വെളിവാക്കുന്നതാണ്. ഇവിടുത്തെ അര്‍ക്കദിയാക്കോന്മാരുടെ കബറിടങ്ങളും കുറവിലങ്ങാട് വലിയപള്ളിയിലെ പറമ്പില്‍ ചാണ്ടി മെത്രാന്‍, പനങ്കുഴക്കല്‍ വല്ല്യച്ചന്‍, നിധീരിക്കല്‍ മാണികത്തനാര്‍ എന്നിവരുടെ കബറിടങ്ങളും, ഇവയ്ക്കു കബറിട തീര്‍ത്ഥാടന മാപ്പിലും അതുല്ല്യമായ സ്ഥാനം നല്കുന്നുണ്ട്.
തങ്ങളുടെ ദുഃഖദുരിതങ്ങളില്‍ നാനാജാതി മതസ്ഥര്‍ അഭയം തേടുന്ന വി. സെബസ്ത്യാനോസിന്റെ പേരിലുള്ള ദൈവാലയം അഥവാ ചെറിയപള്ളിയാണ് തീര്‍ത്ഥാടന ത്രയങ്ങളില്‍ മൂന്നാമത്തേത്. പല നൂറ്റാണ്ടുകളായി ഈ പ്രദേശത്തിനു മകുടം ചാര്‍ത്തി നില്ക്കുന്ന ചെറിയപള്ളിയില്‍ അസ്വസ്ഥതകളും ആകുലതകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സംരക്ഷണമേകുന്ന വി. സെബസ്ത്യാനോസിന്റെ സാന്നിധ്യം അവിതര്‍ക്കിതമാണ്.
തീര്‍ത്ഥാടകര്‍ക്കു അവിസ്മരണീയമായ അനുഭവങ്ങള്‍ നല്കുന്ന ദൈവാലയങ്ങള്‍ ചേര്‍ന്നു നല്കുന്ന ദൈവാനുഗ്രഹം തന്നെയല്ലേ കുറവിലങ്ങാടിനെ ‘അനുഗൃഹീത പട്ടണ’മാക്കി തീര്‍ക്കുന്നത്! എങ്കില്‍ എന്തുകൊണ്ട് ഈ ദൈവാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി നമുക്കും കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ സ്വന്തമാക്കി കൂടാ?
ഈശോയില്‍ സ്നേഹപൂര്‍വ്വം,
ഡോ. ജോസഫ് തടത്തില്‍

ആര്‍ച്ച്പ്രീസ്റ്റ്