നസ്രാണി മഹാസംഗമത്തിന്റെ ആദ്യഭാഗമായും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനുള്ള ഒരുക്കമായും നടത്തപ്പെടുന്ന മരിയൻ കണ്വൻഷനുള്ള ഒരുക്കങ്ങൾ സജീവമായി. നാലാമത് കുറവിലങ്ങാട് കണ്‍വൻഷനാണ് മരിയൻ കണ്‍വൻഷനായി ഒരുക്കിയിട്ടുള്ളത്. ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് ഭാഗ്യം സിദ്ധിച്ച മണ്ണിൽ നടക്കുന്ന നസ്രാണി മഹാസംഗമത്തിന്റെ ഒരുക്കമെന്ന നിലയിലാണ് ഇക്കുറി കണ്വൻഷൻ മരിയൻ കണ്വൻഷായി ക്രമീകരിച്ചതെന്ന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ പറഞ്ഞു.
ഫാ. ദാനിയേൽ പൂവണ്ണത്തിലാണ് കണ്വൻഷൻ നയിക്കുന്നത്. ഓഗസ്റ്റ് 25 മുതൽ 29 വരെ നടക്കുന്ന മരിയൻ കണ്വൻഷൻ എല്ലാ ദിവസവും 3.30ന് ജപമാലയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും വചനപ്രഘോഷണവും നടക്കും. രാത്രി ഒൻപതിന് സമാപിക്കും. കണ്‍വൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ക്രമീകരിക്കും.
കണ്വൻഷനെത്തുടർന്ന് 31ന് ഇടവകയിലെ വൈദികരുടെയും സന്യാസിനിമാരുടെയും സംഗമം നടക്കും. 31ന് വൈകുന്നേരം പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറും.
സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സംഗമം ജനറൽ കണ്‍വീനർ ഫാ. തോമസ് കുറ്റിക്കാട്ട്, കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. മാത്യു വെണ്ണായപ്പിള്ളി, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, സ്പെഷ്യൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.