സഭയെ അറിയാം അറിഞ്ഞു സ്‌നേഹിക്കാം

Spread the love

”ഞാന്‍ നിങ്ങളുടെ സഭയെ സ്‌നേഹിക്കുന്നു. കാരണം ഈ സഭയുടെ ചരിത്രം എനിക്കറിയാം” (I love your church because I know her history). നമ്മെക്കാളേറെ നമ്മുടെ സഭയെ സ്‌നേഹിച്ച കര്‍ദ്ദിനാള്‍ എവുജിന്‍ ടിസറാന്റിന്റെ വാക്കുകളാണിവ. ജൂലൈ 3 നു സഭാദിനമാചരിക്കുവാന്‍ ഒരുങ്ങുന്ന സഭാതനയരായ നാമോരോരുത്തരെ സംബന്ധിച്ചും ഇന്നും വലിയ വെല്ലുവിളിയുയര്‍ത്തുന്ന വാക്കുകളാണിവ. മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും വിശ്വാസദീപം ഏറ്റുവാങ്ങിയവരുടെ പിന്‍തലമുറക്കാരെന്ന് അഭിമാനിക്കുമ്പോഴും തലമുറകള്‍ തമ്മിലുള്ള വിശ്വാസപരമായ ബന്ധം എഴുതി തയ്യാറാക്കി കുടുംബയോഗങ്ങളും മറ്റും വിളിച്ചുകൂട്ടുമ്പോഴും യഥാര്‍ത്ഥ സഭാസ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുന്നവരാണോ നാമോരോരുത്തരും എന്ന് സ്വയം ആത്മശോധന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസവും സ്‌നേഹവും സഭാതനയരെ സംബന്ധിച്ചിടത്തോളം ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കറയറ്റ സഭാതനയരായി മാറണമെങ്കില്‍ ആഴമേറിയ വിശ്വാസവും നിസ്വാര്‍ത്ഥമായ സ്‌നേഹവും കൂടിയേതീരു. ഇവ രണ്ടും ദൃഢമായിത്തീരുന്നത് ആഴത്തില്‍ അറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ്.
മാര്‍ത്തോമ്മാശ്ലീഹായ്ക്ക് ഈശോയിലുള്ള ആഴമേറിയ വിശ്വാസവും അവിടുത്തോടുള്ള തീവ്രമായ സ്‌നേഹവുമാണ് ”എന്റെ കര്‍ത്താവേ എന്റെ ദൈവമേ”, ”നമുക്കും അവനോടുകൂടെ പോയി മരിക്കാം” എന്നീ വാക്കുകളില്‍ ദൃശ്യമാകുക. ഈയൊരു സ്‌നേഹചൈതന്യമാണ് മാര്‍ത്തോമ്മാശ്ലീഹാ ഭാരതമക്കളുടെ ഹൃദയങ്ങളിലേക്ക് കൈമാറിയത്. ഈ പൈതൃകം കൈമോശം വരുത്താതെ ജീവിച്ചവര്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്ന് വിളിക്കപ്പെട്ടു. ഇതേ പൈതൃകമാണ് കിഴക്കന്‍ സിറിയായില്‍ നിന്നുള്ള പ്രേഷിത വൈദികരും സന്യാസിമാരും മെത്രാന്മാരും തങ്ങളുടെ പ്രേഷിതപ്രവര്‍ത്തനം വഴി വളര്‍ത്തിയതും പരിപോഷിപ്പിച്ചതും. എന്നാല്‍ പിന്നീടുണ്ടായ ആശയക്കുഴപ്പങ്ങളും അതില്‍ നിന്നുമുരുത്തിരിഞ്ഞ പക്ഷം ചേരലുകളും മാറ്റിനിര്‍ത്തലുകളുമൊക്കെ വലിയ ഭിന്നതയ്ക്ക് വഴിതെളിച്ചു. ഭിന്നതകള്‍ പലരിലും മുറിവുകള്‍ സൃഷ്ടിച്ചു. ഈ മുറിവുകള്‍ ഒരേ ഹൃദയത്തോടെ ചേര്‍ന്നുനിന്നവരെ തമ്മില്‍ കീറിമുറിക്കുവാന്‍ പര്യാപ്തമായിരുന്നു. കീറിമുറിക്കലുകള്‍ ചില സ്ഥാപിത താല്‍പര്യങ്ങളുടെ ബാക്കി പത്രങ്ങള്‍ മാത്രമായിരുന്നു എന്നത് ചരിത്രം.
ഭിന്നതകള്‍ തളര്‍ച്ച മാത്രം സമ്മാനിച്ച മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സമ്മാനിച്ചത് 1952-ല്‍ മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യത്തെ ആഴത്തില്‍ അറിഞ്ഞ് സ്‌നേഹിച്ച, ദൈവപരിപാലനയില്‍ ആശ്രയം വച്ച് അതിനെ പടുത്തുയര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ട കര്‍ദ്ദിനാള്‍ ടിസറാന്റ് എന്ന വലിയ മനുഷ്യനാണ്. ആ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് മാര്‍ത്തോമ്മാ നസ്രാണിസഭയ്ക്ക് അല്ലെങ്കില്‍ സീറോമലബാര്‍ സഭയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ പദവിയും All India Jurisdiction നും സമ്മാനിച്ച് പാത്രിയാര്‍ക്കല്‍ സഭാപദവി ലബ്ദിയുടെ പടിവാതില്‍ക്കല്‍ എത്തിച്ചു നിര്‍ത്തിയിരിക്കുന്നു.
സഭ വളരണമെങ്കില്‍ രക്ഷയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കണമെങ്കില്‍ ഭിന്നതകള്‍ നീങ്ങണം. ഭിന്നതകള്‍ നീങ്ങണമെങ്കില്‍ അജ്ഞതയെ ദൂരെയകറ്റണം. സത്യത്തിനും സ്‌നേഹത്തിനും ഹൃദയങ്ങളില്‍ സ്ഥാനം നല്‍കണം. സഭാപാരമ്പര്യത്തോടും സഭാതലവനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ഓര്‍ക്കുക ഭിന്നിച്ച് നില്‍ക്കുന്ന രാജ്യങ്ങളും സമൂഹങ്ങളും കുടുംബങ്ങളുമൊക്കെ ചിതറിക്കപ്പെടും. സാത്താന്‍ ഭിന്നതയുടെ വിത്തുകള്‍ എവിടെ വിതയ്ക്കണമെന്നാലോചിച്ച് ഉഴറി നടക്കുന്നു. പ്രിയപ്പെട്ടവരെ നമ്മുടെ സഭയില്‍ അവനതിനുള്ള ഇടം ഒരുക്കപ്പെടാതിരിക്കാന്‍ ആഴത്തില്‍ അറിഞ്ഞ് പ്രാര്‍ത്ഥനയാകുന്ന ചിറകിലേറി വിശ്വാസത്താല്‍ സ്ഥിരീകരിച്ച് സ്‌നേഹത്താല്‍ ദൃഢപ്പെടുത്തി നമുക്ക് നമ്മുടെ സഭയെ മുന്നോട്ട് നയിക്കാം. ഈ സഭാദിനാചരണം അതിനുള്ള അവസരമാക്കി നമുക്ക് മാറ്റാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ജോര്‍ജ് നെല്ലിക്കല്‍