കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ഐടി ക്ലബിന് ഐടി@ സ്കൂൾ പുരസ്കാരം നേടി. ഐടി ക്ലബായ ലിറ്റിൽ കൈറ്റ്സാണ് പുരസ്കാരം നേടിയത്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മന്ത്രി സി. രവീന്ദ്രനാഥ് ക്ലബ് ഭാരവാഹികൾക്ക് പുരസ്കാരം നൽകി.
ഐടി @ സ്കൂൾ സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ മുതൽ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ യൂണീറ്റ് പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ഈ വർഷമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റവും നല്ല ക്ലബിന് പുരസ്കാരം നൽകിത്തുടങ്ങിയത്. ഈ പുരസ്കാരത്തിനാണ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അർഹമായത്.
സ്കൂളിലെ തനതായ ഐടി പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചത്. വെബ് സൈറ്റിൽ സ്കൂൾ ചരിത്രരചന, ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ക്വിസ് പ്രോഗ്രാമുകൾ, ഡോക്യുമെന്ററി നിർമാണം, സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു ഇൻസ്റ്റലേഷൻ, മലയാളം ടൈപ്പിംഗ് പരിശീലനം, ഡിജിറ്റൽ പത്രം, ന്യൂസ് ചാനൽ, സ്കൂളിലെ മികവുകളുടെ ചിത്രീകരണം, പ്രോഗ്രാം ട്രെയിലറുകൾ, ആധുനിക സ്റ്റിൽ കാമറകളുടെ ഉപയോഗം, വീഡിയോ പ്രോഗ്രാമുകളുടെ അവതരണം, എഡിറ്റിംഗ് സോഫ്റ്റ്വെയറുകളിലെ പരിജ്ഞാനം, ക്ലാസ്മുറികളിലെ എൽസിഡി പ്രൊജക്ടറുകളുടെ സംരക്ഷണം, സോഫ്റ്റ്വെയർ-ഹാർഡ്വെയർ രംഗത്തുള്ള അറിവ് എന്നിവ സമ്മാനത്തിലേക്ക് സ്കൂളിന് തുണയായി.
ലിറ്റിൽ കൈറ്റ്സിൽ 30 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ലിറ്റിൽ മാസ്റ്ററായി സിബി സെബാസ്റ്റ്യനും ലിറ്റിൽ മിസ്ട്രസ് ആയി സിസ്റ്റർ ലിസ്യൂ റാണിയും പ്രവർത്തിക്കുന്നു. ഐടി കോ-ഓർഡിനേറ്റർ നൈസിമോൾ ചെറിയാൻ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയില്‍ സംസ്ഥാനത്തൊട്ടാകെ നിലവില്‍ 1.15 ലക്ഷം കുട്ടികള്‍ അംഗങ്ങളാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്, സ്കൂള്‍ വിക്കി അപ്ഡേഷന്, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്.