പെയ്തിറങ്ങിയ പ്രകൃതിയെ അനുഗ്രഹമായി ഏറ്റുവാങ്ങി അനേകായിരങ്ങള്‍ മരിയന്‍ കണ്‍വന്‍ഷനിലേക്ക്. കണ്‍വന്‍ഷന്റെ ആദ്യദിനം ആയിരങ്ങളാണ് മുത്തിയമ്മയുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത്. കണ്‍വന്‍ഷന്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞ ആയിരങ്ങളാണ് ആദ്യദിനം വചനാമൃതം നുകര്‍ന്നത്. യാക്കോബായ സഭ സിനഡ് സെക്രട്ടറി കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ തിമോത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിലെ പ്രതിസന്ധികളെ ക്രൈസ്തവ ധാര്‍മികതയില്‍ നിന്ന് നേരിടണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സഭയുടെ പ്രബോധനങ്ങളെ തിരിച്ചറിയണമെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, അസി.വികാരി ഫാ. തോമസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിയും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുറവിലങ്ങാട് ഇടവകയുടെ ചരിത്രവും വിശ്വാസപാരമ്പര്യവും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ‘കുറവിലങ്ങാട്: ഉറവയും ഉറവിടവും’ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രഫ. ജോര്‍ജ് ജോണ്‍ നിധിരി എഴുതിയ ‘കുറവിലങ്ങാട് : ദ സാങ്റ്റിഫൈഡ് കമ്യൂണിറ്റി’ എന്ന പുസ്തകത്തിന്റെ പ്രകാശനം തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോപ്പി നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. പിതൃവേദി തയ്യാറാക്കിയ കുറവിലങ്ങാട് മുത്തിയമ്മ ഡയറിയുടേയും കലണ്ടറിന്റേയും പ്രകാശനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലും ഫാ. ദാനിയേല്‍ പൂവണ്ണത്തിലും കോപ്പികള്‍ ഏറ്റുവാങ്ങി.
ഫാ.ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ 29ന് സമാപിക്കും. ആദ്യദിനമായിരുന്ന ഇന്നലെ മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്ന് നാലിന് അതിരുമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.