നാലാമത് കുറവിലങ്ങാട് കണ്വൻഷൻ നാളെ ആരംഭിക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അഭിഷേകാഗ്നി കണ്‍വൻഷനായി നടത്തിയ വചന വിരുന്ന് ഇക്കുറി മരിയൻ കണ്വൻഷനായാണ് ഒരുക്കിയിട്ടുള്ളത്. പ്രശസ്ത വചന പ്രഘോഷകൻ ഫാ. ദാനിയേൽ പൂവണ്ണത്തിലാണ് കണ്വൻഷൻ നയിക്കുന്നത്.
കണ്വൻഷൻ യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. എല്ലാദിവസവും വൈകുന്നേരം 3.30ന് ജപമാലയോടെയാണ് കണ്വൻഷൻ ആരംഭിക്കുന്നത്. നാലിന് വിശുദ്ധ കുർബാന. തുടർന്ന് വചന വിരുന്ന്.
നാളെ നാലിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. 27ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലും 28ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിലും സമാപനദിനമായ 29ന് പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോന പള്ളി വികാരി റവ.ഡോ മാത്യു മണക്കാട്ടും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
കണ്വൻഷൻ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ കുന്പസാരത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലും കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. മാത്യു വെണ്ണായപ്പിള്ളിയും അറിയിച്ചു.