മാർത്തോമാ നസ്രാണി പാരന്പര്യം ഉദ്ഘോഷിച്ച് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ രജിസ്ട്രേഷൻ ഇന്ന് സമാപിക്കും.
സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് സംഗമത്തിന്റെ ഭാഗമായുള്ള പ്രൗഡോജ്വല സമ്മേളത്തിന് തുടക്കമാകും. സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കരസഭാ തലവൻ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമാ സഭാ തലവൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത, ക്നാനായ യാക്കോബായ സഭാ തലവൻ മാർ സെവേറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാതലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ രൂപതാധ്യക്ഷന്മാരും കുറവിലങ്ങാടിനോട് ഇഴചേർന്നിരിക്കുന്ന പൗരപ്രമുഖരും പങ്കെടുക്കും.
വ്യക്തികളായും കുടുംബങ്ങളായും സംഘമായും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ഉപഹാരവും നൽകും. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാൻ അവസരം kuravilangadpally.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരിട്ട് രജിസ്റ്റർ ചെയ്യാൻ പള്ളിയിലുള്ള സ്വാഗതസംഘം ഓഫീസിൽ ഇന്നുകൂടി അവസരമുണ്ട്.