ജപമാലചൊല്ലി തിന്മയെ ചെറുക്കാം

Spread the love

നന്മനിറഞ്ഞവളെ, നീ ലോകത്തെ വിലതീരാത്ത ജന്മമാണ്,
മറിയമേ, നീ നിഷ്‌കളങ്കയായ മാടപ്പിറാവാണ്
ഒളിമങ്ങാത്ത ദീപമാണു നീ, നിന്നില്‍നിന്നാണു നീതിസൂര്യന്‍ ഉദയം ചെയ്തത്.”
തന്റെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയ വിശുദ്ധ ജോണ്‍ ക്രിസോസ്‌റ്റോമിന്റെ വാക്കുകളാണിവ. നന്മനിറഞ്ഞവളായ പരി. മറിയം കൃപാവരസമ്പൂര്‍ണ്ണയായിരുന്നു. പരിശുദ്ധാത്മാവിനാല്‍ പൂരിതയായ അവള്‍ദൈവഹിതത്തിനു കീഴ്‌വഴങ്ങി ജീവിച്ചു. അനുഗ്രഹീതയായവള്‍ അനുഗ്രഹമായിത്തീര്‍ന്നു. അഹങ്കരിക്കാനുള്ള വക ലഭിച്ചവള്‍ എളിമയുടെ നിറകുടമായി. സഹനങ്ങളില്‍ അടിപതറാതിരുന്നവള്‍ ഒളിമങ്ങാത്ത ദീപമായിത്തീര്‍ന്നു. അനുകരണീയമായവയുടെ കലവറയാണ് പരി. അമ്മ. പരിശുദ്ധ പിതാവ് ബെനഡിക്റ്റ് 16-ാമന്‍ പാപ്പാ പറയുന്നു, ”മിശിഹായെക്കുറിച്ചും സഭയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള സത്യം അറിയുന്നതിന് മറിയത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു.” മരിയഭക്തി മാര്‍ത്തോമ്മാ നസ്രാണിമക്കളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒന്നാണ്. പരി. അമ്മ വഴി ഈശോയിലേക്ക് എന്ന സൂക്തം പിന്‍തലമുറയുടെ ഹൃദയത്തില്‍ എന്നേക്കുമായി കോറിവെച്ചാണ് നമ്മുടെ പൂര്‍വ്വികര്‍ കടന്നുപോയത്. എട്ടുനോമ്പ്, പതിനഞ്ച് നോമ്പ്,ജപമാലമാസം, മെയ്മാസവണക്കം എന്നിവയുടെ ആചരണത്തിലൂടെ ആ ഭക്തി നാമിന്നും തുടര്‍ന്നുപോരുന്നു.
പരി. അമ്മയുടെ തിരുനാളുകളിലും വണക്കമാസാചരണത്തിലും മാത്രം ഒതുങ്ങുന്നതാകരുന്നത് നമ്മുടെ മരിയഭക്തി. അമ്മയോടുള്ള യഥാര്‍ത്ഥ ഭക്തി പ്രകടമാക്കേണ്ടത് ജീവിതത്തില്‍ അമ്മ അനുഷ്ഠിച്ച പുണ്യങ്ങള്‍ സ്വായത്തമാക്കുക വഴിയാണ്. വി. ബര്‍ണഡിക്ട് പ്രാര്‍ത്ഥിക്കുന്നതിപ്രകാരമാണ്: ഓ മറിയമേ, വേദനയിലൂടെയും പീഡനങ്ങളിലൂടെയുമാണല്ലോ സത്യത്തില്‍ നീ മാതാവായത്, നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു. എന്റെ വേദനകളിലും ദുഃഖങ്ങളിലും നിന്നില്‍ ഞാന്‍ അഭയം കണ്ടെത്തട്ടെ. സഹനത്തില്‍ നീ കാണിച്ച ”ധീരതയും വിശ്വാസവും എനിക്ക് എന്നും മാതൃകയാകട്ടെ. സ്‌നേഹത്തോടെ സഹിക്കുവാന്‍ എന്നെ പ്രാപ്തയാക്കണമേ.” വി. കൊച്ചുത്രേസ്യാ പറയുന്നു: ”നന്മ നിറഞ്ഞ കന്യകയേ, ചെറിയവര്‍ എന്നും ഭൂമിയിലും വലിയവരാണെന്ന് നീ ജീവിതം കൊണ്ട് ഞങ്ങളെപഠിപ്പിച്ചു. നീ എന്നും ഞങ്ങള്‍ക്ക് അമ്മയാണ്, സ്വര്‍ഗ്ഗയാത്രയില്‍ വഴികാട്ടിയും സഹായകയുമാണ്.” വി. ബര്‍ണാദ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നതിപ്രകാരമാണ്: ”മറിയത്തെ അനുഗമിച്ചാല്‍ നമുക്കു വഴിതെറ്റുകയില്ല. അവളുടെ സഹായം യാചിക്കുമ്പോള്‍ നീ ഒരിക്കലും നിരാശനാവുകയില്ല.അവളെപ്പറ്റി ചിന്തിച്ചാല്‍ നിനക്കു തെറ്റുപറ്റുകയില്ല. നീ അലഞ്ഞുതിരിഞ്ഞു നടക്കുകയില്ല; ഭയപ്പെടേണ്ടി വരികയുമില്ല. അവള്‍ മാര്‍ഗ്ഗദര്‍ശിയെങ്കില്‍ നീ ഒരിക്കലും അപഥസഞ്ചാരത്തില്‍പെടുകയില്ല.” ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്റെ കര്‍ത്താവില്‍ വിശ്വാസര്‍പ്പിച്ചുകൊണ്ട് മുന്നേറിയവളാണ് പരി മറിയം. ലൗകികമായവയുടെ മേല്‍ അവള്‍ വിജയം വരിച്ചു. സഹനങ്ങളെ രക്ഷയിലേക്കുള്ള വാതായനങ്ങളും വിശുദ്ധിയെ തന്റെ ഉടയാടയുമാക്കി അവള്‍ മാറ്റി. ഇന്നത്തെ കാലഘട്ടത്തില്‍ പരി. അമ്മ നമുക്കൊരു കോട്ടയാണ്. ആഴമേറിയ വിശ്വാസത്താല്‍ പടുത്തുയര്‍ത്തപെട്ട കോട്ട.
ക്രൈസ്തവ വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കുമെതിരെ നിരവധി വെല്ലുവിളികള്‍ ഇന്ന് ഉയര്‍ന്നുവരുന്നു. സകലര്‍ക്കും പ്രത്യാശ പകര്‍ന്ന് രക്ഷയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുന്ന കുമ്പസാരമെന്ന ശ്രേഷ്ഠ കൂദാശയില്‍ നിന്ന് വിശ്വാസികളെ അകറ്റി തിന്മയുടെ കൂടാരങ്ങളാക്കി അവരെ മാറ്റുവാനുള്ള സംഘടിത ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ധാര്‍മ്മികാധഃപതനത്തിലേക്കുള്ള വഴികള്‍ സൃഷ്ടിക്കപ്പെടുന്നു. നാശത്തിലേക്കുള്ള വഴികളാണ് തുറക്കപ്പെടുന്നത് എന്നറിഞ്ഞിട്ടും അറിയാത്തവരെപ്പോലെ മനുജര്‍ മൗനം ഭജിക്കുന്നു. നന്മക്കെതിരെ ശബ്ദമുയര്‍ത്തുമ്പോഴും തിന്മയ്‌ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ആര്‍ക്കുമാവുന്നില്ല, ആരും അതിനൊട്ട് ശ്രമിക്കുന്നുമില്ല. ഇവിടെയാണ് ഈ വര്‍ഷത്തെ ജപമാലമാസാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുക. കാരണം മാനസിക പരിവര്‍ത്തനത്തിനും മിശിഹായിലേക്ക് പിന്തിരിയുന്നതിനുമുള്ളമാര്‍ഗ്ഗമാണ് ജപമാല. കാര്‍ഡിനല്‍ ന്യുമാന്‍ പറയുന്നു, ”ജപമാല മിശിഹായിലുള്ള വിശ്വാസത്തിലാഴപ്പെടുന്നതിനുള്ള മാര്‍ഗ്ഗമാണ്.” വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും കടയ്ക്കല്‍ കോടാലിവയ്ക്കാന്‍ ഒരുമ്പെടുന്ന തിന്മയുടെ ശക്തികളെ തച്ചുതകര്‍ക്കാന്‍ ജപമാലയാകുന്ന ആയുധം നമുക്ക് കയ്യിലേന്താം. വി. പാദ്രെ പിയോയുടെ വാക്കുകള്‍ നമുക്കു സ്മരിക്കാം, ”ഈ കാലഘട്ടത്തിനുപറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല”. ജപമാല കയ്യിലേന്തി പരി. അമ്മയുടെ കരം പിടിച്ചു ഈ കാലഘട്ടത്തിന്റെ തിന്മകള്‍ക്കെതിരെ നമുക്കു പോരാടാം.

ഫാ. ജോര്‍ജ് നെല്ലിക്കല്‍