ദൈവം വിളന്പി നൽകിയതെല്ലാം സന്തോഷത്തോടെ ഭക്ഷിച്ചതാണ് നസ്രത്തിലെ തിരുക്കുടുംബത്തിന്റെ വിജയമെന്ന് വചനപ്രഘോഷകൻ ഫാ. ദാനിയേൽ പൂവണ്ണത്തിൽ. കുറവിലങ്ങാട് മരിയൻ കണ്‍വൻഷനിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ തീരുമാനത്തോട് ചേർന്നാണ് നസ്രത്തിലെ കുടുംബം ജീവിച്ചത്. ദൈവഹിതം തിരിച്ചറിയാനും അതിനൊത്ത് സഞ്ചരിക്കാനും കഴിയണം. നസ്രത്തിലെ തിരുക്കുടുംബത്തെ അനുകരിക്കാൻ കഴിയണമെന്നും ഫാ. ദാനിയേൽ ഓർമിപ്പിച്ചു.
കണ്വൻഷൻ രണ്ടാം ദിനം പിന്നിട്ടപ്പോൾ നാട് സാക്ഷ്യം വഹിച്ചത് ജനസാഗരത്തെയാണ്. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ സഹകാർമികരായി.
കണ്‍വൻഷന്റെ മൂന്നാംദിനമായ ഇന്നു വൈകുന്നേരം നാലിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കണ്‍വൻഷന്റെ നാലാംദിനത്തിൽ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിലും സമാപനദിനമായ 29 ന് പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോനാ പള്ളി വികാരി റവ.ഡോ. മാത്യു മണക്കാട്ടും വിശുദ്ധ കുർബാന അർപ്പിക്കും. കണ്വൻഷൻ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ കുന്പസാരത്തിന് അവസരമുണ്ട്. കണ്വൻഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്.