കൂനൻകുരിശുസത്യത്തിന് 366 വർഷങ്ങൾക്ക് ശേഷം മാർത്തോമ്മാ പാരന്പര്യം പുലർത്തുന്ന നസ്രാണി സഭാ തലവന്മാർ സംഗമിക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ രജിസ്ട്രേഷൻ 15ന് സമാപിക്കും. ജന്മവും കർമവും വഴി കുറവിലങ്ങാടുമായി ബന്ധമുള്ളവരുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സംഗമം സെപ്റ്റംബർ ഒന്നിനാണ് നടക്കുന്നത്. പതിനായിരം പ്രതിനിധികളെ ലക്ഷ്യമിട്ട് ആരംഭിച്ച രജിസ്ട്രേഷൻ വിവിധ തുറകളിലുള്ളവരുടെ ആഗ്രഹം കണക്കിലെടുത്ത് പതിനയ്യായിരമായി ഉയർത്തുകയായിരുന്നു. ഇതിനോടം പതിനാലായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യക്തികളായും കുടുംബങ്ങളായും സംഘമായും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ഉപഹാരവും നൽകും. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാൻ അവസരം kuravilangadpally.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരിട്ട് രജിസ്റ്റർ ചെയ്യാൻ പള്ളിയിലുള്ള സ്വാഗതസംഘം ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഗമത്തിന് മുന്നോടിയായുള്ള മരിയൻ കണ്വൻഷൻ 25 മുതൽ 29 വരെ തീയതികളിൽ നടക്കും.