സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രവും ഏക അർക്കദിയാക്കോൻ ദേവാലയവുമായ കുറവിലങ്ങാട് മർത്ത്മറിയം പള്ളി ഇനി സഭൈക്യവാരത്തിന്റെയും മൂന്നുനോന്പിന്റെയും പുണ്യത്തിലേക്ക്.
ദേശത്തിരുനാളിന്റെയും പത്താംതീയതി തിരുനാളിന്റെയും പുണ്യവുമായാണ് ഇക്കുറി മൂന്നുനോന്പിലേക്ക് പ്രവേശിക്കുന്നത്. അവിഭക്ത ക്രൈസ്തവസഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാർ അന്തിയുറങ്ങുന്ന മണ്ണിലെ തറവാട് പള്ളിയാണ് സഭൈക്യവാരത്തിന് ആതിഥ്യമരുളുന്നത്. വിവിധ ക്രൈസ്തവ സഭകളിലെ വൈദികരുടെ നേതൃത്വത്തിലുള്ള പ്രാർഥനകളും സന്ദേശവും അക്ഷരാർഥത്തിൽ വിശ്വാസികൾക്ക് സഭൈക്യാനുഭവം സമ്മാനിക്കും. വിവിധ ക്രൈസ്തവ സഭാതലവന്മാരുടെയും വിശ്വാസസമൂഹത്തിന്റെയും സാന്നിധ്യത്താൽ വിശ്വവിഖ്യാതമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ആവേശത്തിലാണ് ഇത്തവണത്തെ സഭൈക്യവാരം.
26ന് കൊടിയേറുന്ന സഭൈക്യവാരത്തിന് ഫെബ്രുവരി ഒന്നിന് അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെ സമാപനമാകും. സീറോ മലബാർ, സീറോ മലങ്കര, തൊഴിയൂർ, ഓർത്തഡോക്സ്, യാക്കോബായ, സിഎസ്ഐ സഭകളിലെ വൈദികർ പ്രാർഥനകൾക്കായി പകലോമറ്റം തറവാട് പള്ളിയിലെത്തും.
ഫെബ്രുവരി രണ്ടിന് മൂന്നുനോന്പ് തിരുനാളിന് കൊടിയേറും. നാലിനാണ് പ്രസിദ്ധമായ കപ്പൽപ്രദക്ഷിണം. തിരുനാളാഘോഷത്തിന് പിന്നാലെ വലിയനോന്പിലേക്ക് പ്രവേശിക്കും.
പത്താം തീയതി തിരുനാളിന്റെ സമാപനദിവസമായ ഇന്ന് 5.30 നും ഏഴിനും 8.45 നും 11 നും ആഘോഷമായ വിശുദ്ധ കുർബാന. നാലിന് സായാഹ്ന നമസ്കാരം. 4.30 ന് പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആറിന് പ്രദക്ഷിണം. വിശുദ്ധ കുർബാനയുടെ ആശീർവാദത്തെത്തുടർന്ന് ബാന്റ് ഡിസ്പ്ലേ.
വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥത തേടി നടന്ന തിരുനാളിന്റെ ആദ്യദിനമായിരുന്ന ഇന്നലെ രാപകൽ ഭേദമില്ലാതെ വിശ്വാസികൾ ദേവാലയത്തിലേക്ക് ഒഴുകിയെത്തി. പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കുചേർന്നു. ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുനാൾ റാസ ഭക്തിയുടെ നേരനുഭവമായി.