മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ മൂന്ന് നോന്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ ആഘോഷം. ദൈവമാതാവിന്റെ കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണം അനുസ്മരിക്കുന്ന തിരുനാളിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. യോനാപ്രവാചകന്റെ കപ്പൽ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽ പ്രദക്ഷിണം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് ഒന്നിന് നടക്കും.
മുത്തിയമ്മ ഫെലോഷിപ്പ് ഓഫ് നസ്രാണീസ് എന്ന പേരിലുള്ള മുത്തിയമ്മ ഭക്തരുടെ ഔദ്യോഗിക കൂട്ടായ്മയും ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകതയാണ്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് ജനറൽ കണ്‍വീനറായി 72 അംഗ പള്ളിയോഗമാണ് തിരുനാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. യോഗപ്രതിനിധികൾ ചെയർമാന്മാരും കണ്‍വീനർമാരുമായുള്ള കമ്മിറ്റിയിൽ ഇടവകയിലെ 81 കുടുംബകൂട്ടായ്മകളുടെ ഭാരവാഹികൾ അംഗങ്ങളാകും. വിവിധ അല്മായ ഭക്തസംഘടനാംഗങ്ങളും വിവിധ കമ്മിറ്റികളിൽ അംഗങ്ങളാകും.
സർക്കാർ തലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനവും ഇടപെടലുകളും തിരുനാളിന്റെ ഭാഗമായി നടത്തും. വിദേശങ്ങളിൽ നിന്നടക്കമുള്ളവർ പങ്കെടുക്കുന്ന തിരുനാളെന്നത് കണക്കിലെടുത്താണ് ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർത്ത് ക്രമീകരണങ്ങൾ നടപ്പിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. മൂന്ന് നോന്പ് തിരുനാളിനുള്ള ആധ്യാത്മിക ഒരുക്കങ്ങളുടെ ഭാഗമായി ദേശത്തിരുനാളുകളും സഭൈക്യവാരാചരണവും നടക്കും.