സംസ്ഥാനത്തെ കത്തോലിക്കാ വിദ്യാർഥി സഖ്യത്തിന്റെ പേരിൽ കലാരംഗത്ത് മാറ്റുരയ്ക്കാനെത്തുന്ന ആയിരത്തിലേറെ കലാപ്രതിഭകളെ വരവേൽക്കാൻ നാട് ഒരുങ്ങി കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയിലൂടെ ഇൻഫോടെയ്ൻമെന്റിൽ ശ്രദ്ധേയ സാന്നിധ്യവും വിദ്യാഭ്യാസ ഹബ്ബുമായി മാറുന്ന കുറവിലങ്ങാട് അത്യഹ്ലാദത്തോടെയാണ് കെസിഎസ്എൽ കലോത്സവത്തെ വരവേൽക്കുന്നത്.
ഇടവകയുടെ മനേജ്മെന്റിലുള്ള ദേവമാതാ കോളജും ഹയർസെക്കൻഡറി സ്കൂളും രണ്ട് ഹൈസ്കൂളുകളും രണ്ട് എൽപി സ്കൂളുകളും കലോത്സവത്തിന്റെ വേദികളായി പിന്തുണയറിയിച്ചുകഴിഞ്ഞു.
നാളെത്തെ വിളംബര റാലിയോടെ നാട് കലോത്സവത്തിന്റെ ആവേശത്തിലേക്ക് പ്രവേശിക്കും. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിൽ നിന്നുള്ള കലാപ്രതിഭകൾ ക്രൈസ്തവ സഭയുടെ പ്രമുഖ കേന്ദ്രത്തിൽ സംഗമിക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. വിവിധ വേഷങ്ങളും നിശ്ചല ദൃശ്യങ്ങളും വിശുദ്ധരുടെ വേഷവിധാനങ്ങളുമൊക്കെ അണിചേരുന്ന റാലി അക്ഷരാർത്ഥത്തിൽ ആവേശവും സംഘാടകമികവും സമ്മാനിക്കും. 16 വേദികളാണ് ആയിരത്തിലേറെ വരുന്ന കലാപ്രതിഭകൾക്കായി ഒരുക്കിയിട്ടുള്ളത്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ മൂന്നുവിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചവിട്ടുനാടകം, മാർഗംകളി, പരിചമുട്ടുകളി, സ്റ്റഡി സർക്കിൾ, കെസിഎസ്എൽ ആന്തം, ഭക്തിഗാനം, പുത്തൻപാന, കഥാപ്രസംഗം, മോണോ ആക്ട്, പ്രസംഗം എന്നീ ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്.
വിപുലമായ ക്രമീകരണങ്ങളാണ് കലോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഒരുമാസത്തിലധികമായി പ്രവർത്തനം നടത്തിവരുന്നുവെന്നതും ശ്രദ്ധേയമാണ്.