കോവിഡ് 19 വ്യാപനത്തിനെതിരേ കേരള സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ പാലാ രൂപതയിലെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംവിധാനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പാലാ രൂപത കാര്യാലയത്തിൽനിന്ന് പുറത്തിറക്കിയ വിശേഷാൽ സർക്കുലറിൽ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.
പള്ളികളിലും കുരിശുപള്ളികളിലും കപ്പേളകളിലും തീർഥാടനകേന്ദ്രങ്ങളിലും നിത്യാരാധാന ചാപ്പലുകളിലും മാർച്ച് 31 വരെ താഴെ കൊടുക്കുന്ന നിർദേശങ്ങൾ ഏവരുടെയും ശ്രദ്ധാപൂർവവും കർശനവുമായ നടപടികൾക്കായി നൽകുകയാണ്.
1. തിരുനാൾ ആഘോഷങ്ങൾ, മാമ്മോദീസാ, അച്ചാരക്കല്യാണാഘോഷങ്ങൾ, അടിയന്തരങ്ങൾ, ജൂബിലികൾ, കണ്വൻഷനുകൾ, ഇടവക വാർഷികധ്യാനങ്ങൾ, ആദ്യവെള്ളിയാഴ്ച ആചരണങ്ങൾ, തീർഥാടനകേന്ദ്രങ്ങളിലെ ശുശ്രൂഷകൾ, മലകയറ്റങ്ങൾ, കുരിശിന്റെ വഴികൾ, പ്രദക്ഷിണങ്ങൾ, തീർഥാടനങ്ങൾ, നൊവേനകൾ, ഊട്ടുനേർച്ചകൾ, മതപഠന ക്ലാസുകൾ, കുടുംബകൂട്ടായ്മകൾ, വീട് വെഞ്ചിരിപ്പുകൾ, ഇതര മീറ്റിംഗുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടതാണ്.
2. മൃതസംസ്കാരശുശ്രൂഷകൾ പോലും കുറഞ്ഞ ജനപങ്കാളിത്തത്തോടെ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
3. ദേവാലയത്തിൽ വിശുദ്ധ കുർബാനയർപ്പണം മാത്രം നടത്തിയാൽ മതിയാകും.
4. വിശുദ്ധ കുർബാന ഈശോയുടെ തിരുശരീരത്തിന്റെ സാദൃശ്യത്തിൽ മാത്രം കൈകളിൽ നൽകുക. കൈകളിൽ സ്വീകരിക്കുന്ന വിശുദ്ധ കുർബാന ഉൾക്കൊണ്ട ശേഷം മാത്രം വിശ്വാസികൾ സ്വസ്ഥാനങ്ങളിലേക്ക് മടങ്ങുന്നുവെന്ന് കാർമികൻ ഉറപ്പാക്കേണ്ടതാണ്.
5. രോഗലക്ഷണമുള്ളവർ പള്ളിയിൽ പോകേണ്ടതില്ല. അങ്ങനെയുള്ളവർ വിശുദ്ധ കുർബാന സ്വീകരിക്കുവാനും ശ്രമിക്കരുത്.
6. സമാധാനാശംസ അൽപ്പം കുനിഞ്ഞ് കൂപ്പുകൈകളോടെ പരസ്പരം ആശംസിക്കുക. കൈകളിൽ സ്പർശിക്കേണ്ടതില്ല.
7. ഹന്നാൻ വെള്ളത്തിൽ വിരൽതൊട്ട് കുരിശുവരയ്ക്കുന്നത് ഒഴിവാക്കുക. ദേവാലയ കവാടത്തോടു ചേർന്ന് ഹന്നാൻ വെള്ളം സൂക്ഷിക്കേണ്ടതില്ല.
8. കാർമികൻ കരങ്ങൾ നന്നായി ശുദ്ധമാക്കിയ ശേഷം വിശുദ്ധ കുർബാന അർപ്പിക്കുക.
9. ഛായാചിത്രങ്ങൾ, രൂപങ്ങൾ മുതലായവ തൊട്ടുമുത്തുന്നത് ഒഴിവാക്കുക.
10. സ്കൂൾ വാർഷികങ്ങൾ, യാത്രയയപ്പ് യോഗങ്ങൾ എന്നിവ ഒഴിവാക്കുക.
11. മാസ്കുകൾ ആവശ്യമായിരിക്കുന്നത് കോറോണാ രോഗികൾക്കാണ്. ആയതിനാൽ അസുഖ ബാധിതർ ഇവ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
12. വൃദ്ധമന്ദിരങ്ങൾ, ബാലഭവനങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തുണം.
13. യാത്രകളും സന്ദർശനങ്ങളും കർശനമായി നിയന്ത്രിക്കുക. വിദേശത്തുനിന്നു വന്നവർ അവരവരുടെ വീടുകളിൽ നിർദ്ദിഷ്ടകാലത്തേക്ക് താമസിക്കുകയും അവരും അവരുമായി സമ്പർക്കത്തിൽ വരുന്നവരും പൊതുപരിപാടികളിൽ നിന്നും ബോധപൂർവം വിട്ടുനിൽക്കുകയും ചെയ്യുക.
14. ദേവാലയത്തോടും നമ്മുടെ എല്ലാ സ്ഥാപനങ്ങളോടും അനുബന്ധിച്ചുള്ള പൊതു ടോയ്ലറ്റുകൾ ഏറ്റവും ശുചിയായി സൂക്ഷിക്കേണ്ടതാണ്.
15. രൂപതാകേന്ദ്രത്തിലെ സന്ദർശനങ്ങളും മാർച്ച് 19 നോടനുബന്ധിച്ചുള്ള ആശംസസന്ദർശനങ്ങളും ഉണ്ടായിരിക്കുന്നതല്ല.
ജനങ്ങളുടെയിടയിൽ ഭീതിയും പരിഭ്രാന്തിയും ഉളവാക്കുന്ന പ്രസ്താവനകൾ, സന്ദേശങ്ങൾ ഇവ തീർത്തും ഒഴിവാക്കണം. ആരോഗ്യപരിപാലന നിർദേശങ്ങൾ, പ്രത്യേകിച്ച് കൊറോണാ രോഗത്തിന്റെ പകർച്ച തടയുന്നതിന് നാം സ്വീകരിക്കേണ്ട പ്രതിരോധ, ശുചിത്വ നടപടികൾ കൃത്യമായി പാലിക്കണം. ഇക്കാര്യത്തിൽ കേരള സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.