കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ തിരുന്നാളിനോടനുബന്ധിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ കുരിശിന്റെവഴി നടത്തി. ഇടവകയിലെ 81 കുടുംബ കൂട്ടായ്മകളിൽനിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ അംഗങ്ങളെ പങ്കെടുപ്പിച്ചാണ് കുരിശിന്റെ വഴി നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ കുരിശിന്റെവഴിയിൽ ഓൺലൈൻ സംപ്രേഷണത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആയിരങ്ങൾ പങ്കെടുത്തു.
പ്രതിസന്ധികളിൽ തളരരുതെന്നും കുരിശിന്റെ തണലിൽ ആശ്രയിക്കണമെന്നും മുഖ്യകാർമ്മികനായിരുന്ന ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു. സഹവികാരിമാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ എന്നിവർ സഹകാർമ്മികരായി. കുറവിലങ്ങാട് മൽപ്പാനെറ്റിലുള്ള വൈദിക വിദ്യാർത്ഥികളും തിരുക്കർമങ്ങളിൽ പങ്കാളികളായി.
യേശുക്രിസ്തുവിനെ കുരിശിലേറ്റിയ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സ്വന്തമായുള്ള ഇന്ത്യയിലെ ഒരേയൊരു ദേവാലയം കുറവിലങ്ങാട് പള്ളിയാണ്. പാറേമ്മാക്കൽ തോമ്മാഗോവർണദോരും കരിയാറ്റി മൽപ്പാനും 18-ാം നൂറ്റാണ്ടിൽ നടത്തിയ റോമായാത്രയിൽ ലഭിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് കുറവിലങ്ങാട് പള്ളിക്ക് സമ്മാനിക്കുകയായിരുന്നു.. ദേവാലയത്തിലെ പ്രധാന അൾത്താരയുടെ വലതുഭാഗത്ത് അതിപൂജ്യമായി സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് മൂന്നുനോമ്പ് തിരുനാളിന്റെ തിങ്കളാഴ്ച ദിവസം പകൽ മാത്രം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്നു.