കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി. സഹവികാരിമാരും സോൺ ഡയറക്ടർമാരുമായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോസഫ് അമ്പാട്ട്, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ സഹകാർമികത്വത്തിലും ദേവാലയ ശുശ്രൂഷികൾ, അൾത്താര ബാലന്മാർ, ഇടവക ജനങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലും ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തിരുന്നാൾ കൊടിയേറ്റി.
തുടർന്ന് ദേവാലയത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ കാർമികത്വത്തിൽ നടന്നു.
നാളെ മുതൽ (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിലാണ് തിരുന്നാൾ. മൂന്നുനോമ്പ് തിരുനാളിന്റെ ആദ്യദിനമായ നാളെ പാരമ്പര്യങ്ങളുടെ തനി ആവർത്തനമായി പ്രദക്ഷിണസംഗമത്തിന് നാട് ആതിഥ്യമരുളും.
വൈകുന്നേരം വലിയ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ് ദേവാലയത്തിൽ നിന്നുള്ള പ്രദക്ഷിണത്തിന് തുടക്കമിടുന്നത്. ഈ സമയം പകലോമറ്റം തറവാട് പള്ളിയിൽ നിന്നും കുര്യനാട് നിന്നും തൊട്ടുതാവയിൽനിന്നുമുള്ള പ്രദക്ഷിണങ്ങൾ ആരംഭിക്കും.
കുര്യനാട് നിന്നുള്ള പ്രദക്ഷിണം കോഴാ കപ്പേളയിൽ എത്തി, അവിടെനിന്നുള്ള പ്രദക്ഷിണവുമായി ചേരും.
ഇടവക ദേവാലയത്തിൽനിന്നുള്ള പ്രദക്ഷിണം ആരംഭിക്കുന്നത് ചെറിയ പള്ളിയിൽ നിന്നാണ്. ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വലിയപള്ളിയിൽ പ്രവേശിപ്പിച്ച് തിരുശേഷിപ്പുകൾ അൾത്താരയിൽ പ്രതിഷ്ഠിച്ച് പ്രാർത്ഥന നടത്തും. തുടർന്ന് വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം മാതാവിന്റെ തിരുസ്വരൂപത്തിന് അഭിമുഖമായി നിറുത്തി മാതാവിനെ പ്രദക്ഷിണവീഥിയിലേക്ക് ക്ഷണിക്കും.
തുടർന്ന് വലിയപള്ളിയിൽനിന്ന് മാതാവിന്റെ രൂപത്തിനൊപ്പം മാർ യൗസേപ്പ് പിതാവിന്റെയും മാർ ഔഗേന്റെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിലേക്ക് സംവഹിക്കും. തുടർന്ന് വിശുദ്ധ സെബസ്ത്യാനോസ്, മാതാവ്, മാർ യൗസേപ്പ്, മാർ ഔഗേൻ എന്നീക്രമത്തിലാണ് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം എത്തുന്നത്.
ജൂബിലി കപ്പേളയിൽ ആദ്യം പ്രവേശിക്കുക പകലോമറ്റത്തുനിന്ന് മാർ തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദിക്ഷണം. തുടർന്ന് പള്ളിയിൽ നിന്നുള്ള തിരുസ്വരൂപങ്ങളും, പിന്നാലെ തോട്ടുവായിൽനിന്നുള്ള വിശുദ്ധ അൽഫോൻസാ, കുര്യനാട് നിന്നുള്ള വിശുദ്ധ കൊച്ചുത്രേസ്യാ, കോഴായിൽ നിന്നുള്ള ഉണ്ണീയീശോ എന്ന ക്രമത്തിൽ തിരുസ്വരൂപങ്ങൾ പ്രവേശിപ്പിക്കും. മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾക്ക് മധ്യത്തിലായി ഉണ്ണീശോയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് ലദീഞ്ഞ് നടക്കും. മറ്റ് തിരുസ്വരൂപങ്ങളെല്ലാം തിരികെയുള്ള പ്രദക്ഷിണ വീഥിയിൽ അണിചേർന്നിരിക്കും.
തിരികെയുള്ള പ്രദക്ഷിണത്തിൽ മാർ യൗസേപ്പ്, പരിശുദ്ധ മാതാവ്, മാർ തോമാശ്ലീഹാ, മാർ ഔഗേൻ, വിശുദ്ധ അൽഫോൻസാ, വിശുദ്ധ കൊച്ചുത്രേസ്യാ, വിശുദ്ധ സെബസ്ത്യാനോസ്, ഉണ്ണീശോ എന്ന ക്രമത്തിലായിരിക്കും രൂപങ്ങൾ സംവഹിക്കുക. വലിയപള്ളി ചുറ്റിയശേഷം മാതാവിന് മുന്നിൽ യാത്രാവന്ദനം നടത്തി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ചെറിയപള്ളിയിലേക്ക് സംവഹിക്കും. പ്രദക്ഷിണത്തിന് മുന്നിൽ സംവഹിക്കുന്ന തീവെട്ടിയും പ്രദിക്ഷണത്തിനിടയിലുള്ള വിശറികളും കുറവിലങ്ങാടിന്റെ പ്രത്യേകതയാണ്. കുടയും വിശുദ്ധ കുരിശും സംവഹിക്കുന്നതിലും സ്ഥാനക്രമങ്ങളിലുമൊക്കെ പാരമ്പര്യങ്ങളുണ്ട്.
ഈ ആചാരങ്ങളിലൊന്നും മാറ്റം വരുത്താതെയാണ് പ്രദക്ഷിണം ചിട്ടപ്പെടുത്തുക. ഇടവകയിലെ കാളികാവ് കരക്കാരാണ് തിരുസ്വരൂപങ്ങൾ സംവഹിക്കുന്നത്. മുട്ടുചിറ കണിവേലി കുടുംബക്കാർ മുത്തുക്കുടകൾ വഹിക്കും.
ഇത്തവണത്തെ തിരുനാളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരുനാളിലെ ഭക്തജനപങ്കാളിത്തം. പ്രദക്ഷിണങ്ങളിൽ 200 പേർക്കും വിശുദ്ധ കുർബാനയിൽ 100 പേർക്കുമാണ് പങ്കാളിത്തം നൽകുന്നത്.
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിര്ദ്ദേശങ്ങളും കർശനമായി പാലിക്കുക… വായും മൂക്കും മൂടത്തക്ക രൂപത്തിൽ മാസ്ക് നിർബന്ധമായും ധരിക്കുക… സാനിട്ടയ്സർ എപ്പോഴും കൂടെ കരുതുകയും ഇടയ്ക്കിടയ്ക്ക് കൈകൾ ശുദ്ധീകരിക്കുകയും ചെയ്യുക…
പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക… സാമൂഹ്യ അകലം കർശനമായി പാലിക്കുക…