കുറവിലങ്ങാട് പള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി

Spread the love
കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർത്ഥാടന ദേവാലയത്തിലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാളിന് കൊടിയേറി. സഹവി​കാ​രി​മാ​രും സോൺ ഡയറക്ടർമാരുമായ ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ സഹകാർമികത്വത്തിലും ദേവാലയ ശുശ്രൂഷികൾ, അൾത്താര ബാലന്മാർ, ഇടവക ജനങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലും ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ തിരുന്നാൾ കൊടിയേറ്റി.
തുടർന്ന് ദേവാലയത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ലിന്റെ കാർമികത്വത്തിൽ നടന്നു.
നാളെ മുതൽ (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിലാണ് തിരുന്നാൾ. മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ന്റെ ആ​ദ്യ​ദി​ന​മാ​യ നാളെ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ത​നി ആ​വ​ർ​ത്ത​ന​മാ​യി പ്ര​ദ​ക്ഷി​ണ​സം​ഗ​മ​ത്തി​ന് നാ​ട് ആ​തി​ഥ്യ​മ​രു​ളും.
വൈ​കു​ന്നേ​രം വ​ലി​യ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നാ​ണ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. ഈ ​സ​മ​യം പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ നി​ന്നും കു​ര്യ​നാ​ട് നി​ന്നും തൊട്ടുതാവയിൽനി​ന്നു​മു​ള്ള പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ആ​രം​ഭി​ക്കും.
കു​ര്യ​നാ​ട് നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണം കോ​ഴാ ക​പ്പേ​ള​യി​ൽ എത്തി, അവിടെനി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​വു​മാ​യി ചേ​രും.
ഇ​ട​വ​ക ദേവാലയത്തിൽനിന്നുള്ള പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്ന​ത് ചെ​റി​യ പ​ള്ളി​യി​ൽ നി​ന്നാ​ണ്. ചെ​റി​യ​പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ തി​രു​സ്വ​രൂ​പം വ​ലി​യ​പ​ള്ളി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് തി​രു​ശേ​ഷി​പ്പു​ക​ൾ അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ച്ച് പ്രാർത്ഥന ന​ട​ത്തും. തു​ട​ർ​ന്ന് വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്റെ തി​രു​സ്വ​രൂ​പം മാതാവിന്റെ തി​രു​സ്വ​രൂ​പ​ത്തി​ന് അ​ഭി​മു​ഖ​മാ​യി നി​റു​ത്തി മാ​താ​വിനെ പ്ര​ദ​ക്ഷി​ണ​വീ​ഥി​യി​ലേ​ക്ക് ക്ഷ​ണി​ക്കും.
തു​ട​ർ​ന്ന് വ​ലി​യ​പ​ള്ളി​യി​ൽനി​ന്ന് മാതാവിന്റെ രൂപത്തിനൊപ്പം മാർ യൗ​സേ​പ്പ് പിതാവിന്റെയും മാ​ർ ഔ​ഗേ​ന്റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലേ​ക്ക് സം​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോസ്, മാതാവ്, മാ​ർ യൗ​സേ​പ്പ്, മാ​ർ ഔ​ഗേ​ൻ എ​ന്നീ​ക്ര​മ​ത്തി​ലാ​ണ് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം എ​ത്തു​ന്ന​ത്.
ജൂ​ബി​ലി ക​പ്പേ​ള​യി​ൽ ആ​ദ്യം പ്ര​വേ​ശി​ക്കു​ക പ​ക​ലോ​മ​റ്റ​ത്തു​നി​ന്ന് മാ​ർ​ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പം വഹിച്ചുള്ള പ്രദിക്ഷണം. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്നു​ള്ള തി​രു​സ്വ​രൂ​പ​ങ്ങ​ളും, പി​ന്നാ​ലെ തോട്ടുവായിൽനിന്നുള്ള വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ, കു​ര്യ​നാ​ട് നി​ന്നു​ള്ള വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ, കോ​ഴാ​യി​ൽ നി​ന്നു​ള്ള ഉ​ണ്ണീ​യീശോ എ​ന്ന ക്ര​മ​ത്തി​ൽ തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ്ര​വേ​ശി​പ്പി​ക്കും. മാതാവിന്റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ​ക്ക് മ​ധ്യ​ത്തി​ലാ​യി ഉ​ണ്ണീ​ശോ​യു​ടെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ച് ല​ദീ​ഞ്ഞ് ന​ട​ക്കും. മ​റ്റ് തി​രു​സ്വ​രൂ​പ​ങ്ങ​ളെ​ല്ലാം തി​രികെ​യു​ള്ള പ്ര​ദ​ക്ഷി​ണ വീ​ഥി​യി​ൽ അ​ണി​ചേ​ർ​ന്നി​രി​ക്കും.
തി​രി​കെ​യു​ള്ള പ്ര​ദ​ക്ഷി​ണത്തി​ൽ മാർ യൗ​സേ​പ്പ്, പരിശുദ്ധ മാതാവ്, മാ​ർ തോ​മാ​ശ്ലീ​ഹാ, മാ​ർ ഔ​ഗേ​ൻ, വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ, വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ്, ഉ​ണ്ണീ​ശോ എ​ന്ന​ ക്ര​മ​ത്തി​ലാ​യി​രി​ക്കും രൂപങ്ങൾ സം​വ​ഹി​ക്കു​ക. വ​ലി​യ​പ​ള്ളി ചു​റ്റി​യ​ശേ​ഷം ​മാ​താ​വി​ന് മു​ന്നി​ൽ യാ​ത്രാ​വ​ന്ദ​നം ന​ട​ത്തി വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ തി​രു​സ്വ​രൂ​പം ചെ​റി​യ​പ​ള്ളി​യി​ലേ​ക്ക് സം​വ​ഹിക്കും. പ്ര​ദ​ക്ഷി​ണ​ത്തി​ന് മു​ന്നി​ൽ സം​വ​ഹി​ക്കു​ന്ന തീ​വെ​ട്ടി​യും പ്രദിക്ഷണത്തിനിടയിലുള്ള വിശറികളും കു​റ​വി​ല​ങ്ങാ​ടി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. കു​ട​യും വി​ശു​ദ്ധ കു​രി​ശും സം​വ​ഹി​ക്കു​ന്ന​തി​ലും സ്ഥാ​ന​ക്ര​മ​ങ്ങ​ളി​ലു​മൊ​ക്കെ പാ​രമ്പ​ര്യ​ങ്ങ​ളു​ണ്ട്.
ഈ ആചാരങ്ങളിലൊന്നും മാറ്റം വരുത്താതെയാണ് പ്ര​ദ​ക്ഷി​ണം ചി​ട്ട​പ്പെ​ടു​ത്തു​ക. ഇ​ട​വ​ക​യി​ലെ കാ​ളി​കാ​വ് ക​ര​ക്കാ​രാ​ണ് തി​രു​സ്വ​രൂ​പ​ങ്ങ​ൾ സം​വ​ഹി​ക്കു​ന്ന​ത്. മുട്ടുചിറ കണിവേലി കുടുംബക്കാർ മുത്തുക്കുടകൾ വഹിക്കും.
ഇത്തവണത്തെ തിരുനാളിൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കർശനമായി പാ​ലി​ച്ചായിരിക്കും തി​രു​നാ​ളി​ലെ ഭ​ക്ത​ജ​ന​പ​ങ്കാ​ളി​ത്തം. പ്ര​ദ​ക്ഷി​ണ​ങ്ങ​ളി​ൽ 200 പേ​ർ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ 100 പേ​ർ​ക്കു​മാ​ണ് പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന​ത്.
💥കോ​വി​ഡ് മാനദണ്ഡങ്ങളും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്ദ്ദേ​ശ​ങ്ങ​ളും കർശനമായി പാലിക്കുക… 💥വായും മൂക്കും മൂടത്തക്ക രൂപത്തിൽ മാസ്ക് നിർബന്ധമായും ധരിക്കുക… 💥സാനിട്ടയ്‌സർ എപ്പോഴും കൂടെ കരുതുകയും ഇടയ്ക്കിടയ്ക്ക് കൈകൾ ശുദ്ധീകരിക്കുകയും ചെയ്യുക…
💥പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക… 💥സാമൂഹ്യ അകലം കർശനമായി പാലിക്കുക…