മർത്ത്മറിയം ഇടവകയിലെ പതിനയ്യായ്യിരത്തിലേറെയുള്ള അംഗങ്ങൾക്കും അനേകായിരം മുത്തിയമ്മ ഭക്തർക്കും ഇനി ആത്മീയവിരുന്നിന്റെ നാളുകൾ. ഒരുമാസത്തോളം നീളുന്ന തിരുനാളുകളിലേക്ക് ഇടവക പ്രവേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെയാണ് തിരുകർമങ്ങളിലെ പങ്കാളിത്തം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തും ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പേരുവിവരങ്ങൾ ബോധ്യപ്പെട്ട് ശരീരോഷ്മാവ് അളന്ന് തിട്ടപ്പെടുത്തിയുമാണ് പ്രവേശനം നൽകുന്നത്. കൈകഴുകുന്നതിനുള്ള വിപുമായ സൗകര്യവും വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസ് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് തിരുകർമങ്ങളിലേല്ലാം അവസരം നൽകുന്നത്.
മൂന്ന് നോന്പ് തിരുനാളിന് മുന്നോടിയായി പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് തുടക്കമായി. സീനിയർ അസിസ്റ്റന്റ് വികാരിയും തിരുനാൾ ജനറൽ കണ്‍വീനറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ തിരുനാൾ കൊടിയേറ്റി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ എന്നിവർ സഹകാർമികരായി.
ഈ ആഴ്ച മുഴുവൻ സഭൈക്യചിന്തകളിൽ നിറച്ചാവും കടന്നുപോകുക. തുടർന്ന് മൂന്ന് നോന്പ് തിരുനാളിലേക്ക് പ്രവേശിക്കും. ഇതിന് പിന്നാലെ ദേശതിരുനാളുകളും പത്താംതീയതി തിരുനാളും എന്ന ക്രമത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
സഭൈക്യവാരാചരണത്തിന്റെ ഭാഗമായി ഇന്നുമുതൽ 22 വരെ തീയതികളിൽ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുർബാന. ആറിന് സന്ദേശവും ധൂപപ്രാർഥനയും.