മരിയൻ തീർഥാടന കേന്ദ്രമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന കേന്ദ്രത്തിലെ മൂന്നു നോന്പ് തിരുനാളാചരണത്തിന്റെ ഭാഗമായി കപ്പൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ദേവാലയത്തിലെ കുരിശിൻ തൊട്ടിയോട് ചേർന്നുള്ള പ്രത്യേക മുറിയിൽ സൂക്ഷിച്ചിരിക്കുന്ന കപ്പൽ തിരുനാളിന് കൊടിയേറുന്നതിന്റെ തലേ ഞായറാഴ്ചയാണ് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നത്. ഇനിയുള്ള രണ്ട് ആഴ്ചകളോളവും തിരുനാളിലും തീർഥാടകർക്ക് കപ്പൽ ദേവാലയത്തിൽ കാണാനാകും. ഇടവകയിലെ യോഗപ്രതിനിധികളുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളാണ് കപ്പൽ പ്രത്യേക മുറിയിൽ നിന്ന് ദേവാലയത്തിലേക്കെത്തിച്ച് പ്രതിഷ്ഠിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കപ്പൽ ദേവാലയത്തിലെത്തിച്ചത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ നേതൃത്വത്തിലുള്ള പ്രത്യേകപ്രാർഥനകളോടെയാണ് കപ്പൽ പ്രത്യേക മുറിയിൽ നിന്ന് പുറത്തെടുത്ത് സംവഹിച്ചത്. തുടർന്ന് ദേവാലയത്തിലെത്തിച്ചതിന് ശേഷവും പ്രത്യേക പ്രാർഥന നടത്തി.
മൂന്ന് നോന്പ് തിരുനാളിന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്. ഇത് കടപ്പൂർനിവാസികളുടെ അവകാശമാണ്. ഇത്തവണ 26നാണ് കപ്പൽ പ്രദക്ഷിണം. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാകും കപ്പൽപ്രദക്ഷിണം.