കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ ജനുവരി 25, 26, 27 തീയതികളിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുന്നാളിന്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; ആചാരങ്ങളിൽ കുറവേതുമില്ലാതെ നടത്താൻ ഇന്നലെ നടന്ന ഉദ്യോഗസ്ഥ / ജനപ്രതിനിധിതല യോഗത്തിൽ തീരുമാനമായി. മോൻസ് ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരം പാലാ ആർഡിഒ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.
ഗ്രാമപഞ്ചായത്ത്: തിരുനാളിന് മുന്നോടിയായി മുഴുവൻ വഴിവിളക്കുകളും അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു. വഴിയോരങ്ങൾ വൃത്തിയാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.
ഗ്രീൻപ്രോട്ടോക്കോൾ പാലിക്കാനുള്ള പിന്തുണയും പഞ്ചായത്ത് ഉറപ്പ് നൽകി.
കെഎസ്ഇബി: തടസംകൂടാതെയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
പൊതുമരാമത്ത്: ഓടശുചീകരണത്തിന് ശ്രമം നടത്താൻ തീരുമാനിച്ചു. പള്ളിക്കവലയിലടക്കം പൊട്ടിയ സ്ലാബുകൾ മാറ്റിസ്ഥാപിക്കാൻ നടപടിയെടുക്കാനും തീരുമാനിച്ചു.
കെഎസ്ആർടിസി: കോട്ടയം, വൈക്കം, പാലാ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസ് നടത്തുമെന്നു കെഎസ്ആർടിസി അറിയിച്ചു. കടപ്പൂരിലേക്ക് കപ്പൽ പ്രദക്ഷിണം നടക്കുന്ന ചൊവ്വാഴ്ച പ്രത്യേക സർവീസ് നടത്തും.
ആരോഗ്യവകുപ്പ്: കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു. ആംബുലൻസ് സൗകര്യത്തോടെ മെഡിക്കൽ ടീം സൗകര്യം തിരുനാളിന്റെ മൂന്ന് ദിനങ്ങളിലും ഉറപ്പാക്കും.
ഫയർഫോഴ്സ്: ഫയർഫോഴ്സ് സേവനം സൗജന്യമായി ലഭ്യമാക്കുന്ന നിർദേശത്തിനായി ജില്ലാ കളക്ടറോട് അഭ്യർത്ഥിക്കാൻ യോഗം തീരുമാനമെടുത്തു.
വ്യാപാരി-വ്യവസായി: വ്യാപാരികളുടെ നേതൃത്വത്തിൽ കടകമ്പോളങ്ങൾ അലങ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുന്നാൾ ദിനങ്ങൾ, കുറവിലങ്ങാടിനെ ഉത്സവമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.
മോൻസ് ജോസഫ് എംഎൽഎ, പാലാ ആർഡിഒ എം.ടി. അനിൽകുമാർ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ് പുതിയിടത്തുചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി (കുറവിലങ്ങാട്), ജോയി കല്ലുപുര (കടപ്ലാമറ്റം), മീനു മനോജ് (കാണക്കാരി ), ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.