“ഉണരാം, ഒരുമിക്കാം, ഉറവിടത്തിൽ” എന്ന ആഹ്വാനവുമായി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ ദേവാലയം ആതിഥ്യമരുളുന്ന . സംഗമത്തിലും അതിന് മുന്നോടിയായുള്ള മരിയൻ കണ്വൻഷനിലുമായി സീറോ മലബാർ, സീറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ, പൗരസ്ത്യ അസീറിയൻ സഭാ, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവന്മാർ എത്തും.
AD 52 ൽ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ, 366 വർഷങ്ങൾക്കുമുമ്പ്, 1653 ലെ കൂനൻകുരിശ് സത്യംവരെ ഒരു സഭയായിരുന്ന മാർത്തോമ്മാ നസ്രാണി സഭയിൽനിന്നു വിവിധ കാരണങ്ങളാൽ ഭിന്നിച്ചു മാറിയ 7 സഭകളുടെയും തലവന്മാർ ഒരുമിച്ച് ഒരു വേദിയിലെത്തും. സംഗമത്തിൽ വിശ്വാസപാരമ്പര്യവും ജന്മവും കർമ്മവും വഴി വിശാല കുറവിലങ്ങാടിനോട് ഇഴചേർന്നിരിക്കുന്നവരുടെ പ്രതിനിധികളും പങ്കെടുക്കും.
സെപ്റ്റംബർ ഒന്നിന് ദേവമാതാ കോളജ് മൈതാനത്തെ കൂറ്റൻ പന്തലിലാണ് സഭാതലവന്മാർക്കൊപ്പം പതിനയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നത്. സംഗമദിനമായ സെപ്റ്റംബർ ഒന്നിന് രാവിലെ അന്താരാഷ്ട്ര മരിയൻ സിമ്പോസിയം ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
2.00 ന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാതലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. യക്കോബായ സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്ഠ ബാവ, സീറോ മലങ്കര സഭാ തലവൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, മാർത്തോമാ സഭാ തലവൻ ജോസഫ് മാർത്തോമാ വലിയ മെത്രാപ്പോലീത്ത, പൗരസ്ത്യ അസീറിയൻ സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത എന്നിവർ സംഗമത്തിൽ പങ്കെടുക്കും.
സംഗമത്തിന്റെ ആദ്യഘട്ടമായി ഓഗസ്റ്റ് 25 മുതൽ 29 വരെ തീയതികളിൽ ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന മരിയൻ കണ്വൻഷൻ നടക്കും.
സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്ടഭവനങ്ങളുടെ താക്കോൽ ദാനം നടത്തും.
സംഗമവിജയത്തിനായി ഇടവകയിൽ പ്രാർത്ഥനാമണിക്കൂർ ആചരണവും പ്രത്യേക പ്രാർത്ഥനകളും നടന്നുവരുന്നു. സംഗമത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടവകകൾക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സംഗമത്തിലെത്തുന്നവരുടെ പേരുവിവരങ്ങളടക്കം ചരിത്രരേഖയായി സൂക്ഷിക്കാനും പദ്ധതിയുണ്ട്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശങ്ങൾക്കനുസൃതമായി ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ജനറൽ കണ്‍വീനർ ഫാ. തോമസ് കുറ്റിക്കാട്ട്, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി , ജനറൽ കോഓർഡിനറ്റർ ഡോ. ടി.ടി മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരം അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
നസ്രാണി മഹാസംഗമത്തിനായി നേരിട്ട് രജിസ്റ്റർ ചെയ്യുവാൻ എല്ലാ ദിവസവും ഇടവക ദേവാലയത്തിൽ അവസരമുണ്ട്. കുർബാന കൗണ്ടറിലും മാസാദ്യവെള്ളിയാഴ്ചകളിൽ പള്ളിമുറ്റത്തെ പ്രത്യേക കൗണ്ടറിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈനായി രജിസ്ട്രേഷന് www.kuravilangadpally.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടവകകൾക്കും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
വിവരങ്ങൾക്ക് ഫോൺ: 04822230224, 9447184088.