കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിലെ മൂന്നുനോമ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള കപ്പൽ പ്രദക്ഷിണം നാളെയാണ്, പൊരിവെയിലിനെ അവഗണിച്ചു പതിനായിരങ്ങൾ മുത്തിയമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തും. ഒരുമണിക്കാണ് ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ആരംഭിക്കുന്നത്. പ്രാർഥനാശുശ്രൂഷകൾക്കുശേഷം കടപ്പൂർ നിവാസികളുടെ നേതൃത്വത്തിൽ വലിയ പള്ളിയിൽനിന്നു കപ്പൽ പള്ളിമുറ്റത്ത് എത്തിക്കും. തുടർന്നു തിരുസ്വരൂപങ്ങൾക്കു മുന്നിലായി പ്രദക്ഷിണത്തിനു തുടക്കം കുറിക്കും. കടപ്പൂരുദേശത്തിന്റെ കരങ്ങളിൽ ഒരേതാളത്തിലും വേഗത്തിലും കപ്പൽ ഉയർന്നുതാഴുമ്പോൾ ഓളപ്പരപ്പിലെ കടൽയാത്രയുടെ അനുഭവമാണ് ഉണ്ടാകുക. വലിയപള്ളിയുടെ മുറ്റത്ത് കപ്പൽ ഓടുമ്പോൾ ചെറിയപള്ളിയിൽനിന്നു പ്രദക്ഷിണം ആരംഭിക്കും. തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമാണിത്. ഒരു മണിക്കൂറോളം പള്ളിമുറ്റത്തെ ജനസാഗരത്തിൽ ആടിയുലഞ്ഞു പടവുകൾ ഇറങ്ങി കപ്പൽ കുരിശിൻ തൊട്ടിയിൽ എത്തും. ഗജവീരന്മാരുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുരിശിൻതൊട്ടിയിലേക്കു പ്രദക്ഷിണം പടവുകളിറങ്ങിയെത്തുന്നത് വേറിട്ടകാഴ്ചയാണ്. യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ അനുസ്മരണം സമ്മാനിച്ചു കടൽക്ഷോഭത്തിന്റെ പ്രതീതി കൈമാറി കപ്പൽ കുരിശിൻതൊട്ടിയിലെത്തുന്നതോടെ കൂടുതലായി ആടിയുലയും. കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുത്തെറിയുന്നതോടെ ശാന്തമാകുന്ന കപ്പൽ കല്പടവുകൾ കയറി തിരികെ പള്ളിയിലെത്തും.
മൂന്നു നോമ്പിന്റെ പ്രധാന തിരുനാൾ ദിനമായ ചൊവാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന. 7 .00ന് പാലാ രൂപതയിലെ നവവൈദികർ വിശുദ്ധ കുർബാനയർപ്പിക്കും. 8.30ന് മുവാറ്റുപുഴ രൂപതാധ്യക്ഷൻ ഏബ്രഹാം മാർ യൂലിയോസ് മലങ്കര റീത്തിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി ഭാഷയിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 1 .00 നു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ആരംഭിക്കും. 3 .00ന് പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് മലേപറമ്പിൽ ഹിന്ദിയിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 4.30ന് പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിലും 6 .00ന് പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് കൊല്ലംപറമ്പിലും കുർബാനയർപ്പിച്ച് സന്ദേശം നൽകും