മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര മരിയൻ സെമിനാറിന് രജിസ്ട്രേഷൻ ആരംഭിച്ചു. ദേവമാതാ കോളജ് ഇ ലേണിംഗ് സെന്ററിൽ സെപ്റ്റംബർ ഒന്നിന് രാവിലെ ഒൻപതുമുതൽ 12.30 വരെയാണ് സെമിനാർ.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മരിയഭക്തി ഉദയംപേരൂർ സൂനഹദോസിന് മുൻപ് എന്ന വിഷയത്തിൽ റോമിലെ വിശുദ്ധരുടെ നാമകരണ നടപടികളുടെ റിലേറ്ററും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ മോൺ. പോൾ പള്ളത്ത് പ്രബന്ധം അവതരിപ്പിക്കും.
ഇക്കഴിഞ്ഞ നൂറ്റാണ്ടുകളിൽ സഭ അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളും അവയുടെ ആനുകാലിക പ്രസക്തിയും എന്ന വിഷയത്തിൽ റോമിലെ ക്ലരീഷ്യൻ സർവകലാശാലയിലെ പ്രഫസർ റവ.ഡോ. ജോർജ് ളാനിത്തോട്ടം സിഎംഎഫും ഉദയംപേരൂർ സൂനഹദോസിന് ശേഷമുള്ള നസ്രാണികളുടെ മരിയഭക്തി എന്ന വിഷയത്തിൽ രാമപുരം ഫൊറോന വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലും പ്രബന്ധം അവതരിപ്പിക്കും. 45 മിനിറ്റ് വീതം നീളുന്ന പ്രബന്ധങ്ങൾക്ക് ശേഷം സംവാദവും നടക്കും. സെമിനാറിനെ തുടർന്ന് 2.30 ന് നസ്രാണി മഹാസംഗമസമ്മേളനത്തിന് തുടക്കമാകും.
സെമിനാറിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം. പ്രവേശനം നൂറുപേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫോണ്: 04822-230224, 9447807847, 9447367194.