നസ്രാണി മഹാസംഗമവുമായി ബന്ധപ്പെടുത്തി വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കാനായി ഉദ്യോഗസ്ഥതല യോഗം നടത്തി. പോലീസ്, കെഎസ്ഇബി, പഞ്ചായത്ത്, ആരോഗ്യം, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥർ ഉറപ്പാക്കി. മോൻസ് ജോസഫ് എംഎൽഎയാണ് യോഗം വിളിച്ചുചേർത്തത്.
നസ്രാണി മഹാസംഗമത്തോടും മരിയൻ കണ്വൻഷനോടും ചേർന്ന് 127 അംഗപോലീസ് സംഘത്തിന്റെ സേവനം ഉറപ്പാക്കുമെന്ന് സ്റ്റേഷൻ പിആർഒ അറിയിച്ചു. ഗതാഗതക്രമീകരണങ്ങളുമായി ബന്ധപ്പെട്ടും പോലീസ് സേവനം നൽകുമെന്ന് അധികൃതർ അറിയിച്ചു. തിരക്കേറുന്ന സമയത്ത് കെ.ആർ. നാരായണൻ ബൈപ്പാസ് പ്രയോജനപ്പെടുത്തി വണ്വേ സംവിധാനം ക്രമീകരിക്കാൻ യോഗം നിർദേശിച്ചു.
വഴിവിളക്കുകൾ പ്രകാശിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. റോഡുകൾ യാത്രായോഗ്യമാക്കുന്നതിനുള്ള സാധ്യതകളും യോഗം ചർച്ചചെയ്തു. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പാർക്കിംഗ് ക്രമീകരണത്തിന് ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. സംഗമദിനത്തിൽ മെഡിക്കൽ ടീം സേവനവും കണ്വൻഷൻ ദിവസങ്ങളിൽ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വാക്കാട്-ചേരുംതടം റോഡിൽ ബസുകൾക്ക് താത്കാലിക പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് ആലോചിക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
മോൻസ് ജോസഫ് എംഎൽഎ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. കുര്യൻ, ആൻസമ്മ സാബു, പബ്ലിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ജോജോ ആളോത്ത് എന്നിവർ പ്രസംഗിച്ചു.