മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആതിഥ്യമരുളുന്ന മരിയൻ കണ്വൻഷന് ഇന്ന് തുടക്കം. മാസങ്ങളായി നടത്തുന്ന ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി ആയിരങ്ങൾ കണ്ണികളായ ജപമാലപ്രദക്ഷിണം നടന്നു. കണ്‍വൻഷന്റെ തലേദിനമായിരുന്ന ഇന്നലെയാണ് ആയിരങ്ങൾ പങ്കുചേർന്ന ജപമാലപ്രദക്ഷിണം നടത്തിയത്. കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിച്ച പ്രദക്ഷിണം പള്ളിയിൽ നിന്നാരംഭിച്ച് കണ്വൻഷൻ പന്തൽ ചുറ്റി തിരികെ പള്ളിയിൽ പ്രവേശിച്ചു.
ആറായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലാണ് ദേവമാതാ കോളജ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. പതിനയ്യായിരത്തോളം പേർക്കുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് 3.30ന് ജപമാല. നാലിന് വിശുദ്ധ കുർബാന, തുടർന്ന് ഉദ്ഘാടന സമ്മേളനം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. യാക്കോബായ സഭ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും.