ആയിരങ്ങൾക്ക് മാതൃഭക്തിയുടെ വചസുകൾ സമ്മാനിച്ച് കുറവിലങ്ങാട് മരിയൻ കണ്വൻഷന് തുടക്കമായി. മാതൃഭക്തി പ്രതിസന്ധികളിൽ കരുത്താണെന്ന് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത യാക്കോബായ സഭ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്തയുമായ തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. കാലഘട്ടത്തിലെ പ്രതിസന്ധികളെ ക്രൈസ്തവ ധാർമികതയിൽ നിന്ന് നേരിടണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
നസ്രാണി മഹാസംഗമത്തിന് ഒരുക്കമായുള്ള കണ്വൻഷൻ വലിയ നവീകരണത്തിന് വഴിതുറക്കണമെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, അസി.വികാരി ഫാ. തോമസ് കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിയും കണ്വൻഷൻ ജനറൽ കണ്വീനറുമായ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ നേതൃത്വം നൽകി.
കുറവിലങ്ങാട് ഇടവകയുടെ ചരിത്രവും വിശ്വാസപാരന്പര്യവും ഉൾക്കൊള്ളിച്ച് തയാറാക്കിയ ’കുറവിലങ്ങാട്: ഉറവയും ഉറവിടവും’ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. അസി.വികാരി ഫാ. ജോർജ് നെല്ലിക്കൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രഫ. ജോർജ് ജോണ് നിധീരി എഴുതിയ ’കുറവിലങ്ങാട് : ദ സാങ്റ്റിഫൈഡ് കമ്യൂണിറ്റി’ എന്ന പുസ്തകത്തിന്റെ പ്രകാശനം തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോപ്പി നൽകി മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. പിതൃവേദി തയാറാക്കിയ കുറവിലങ്ങാട് മുത്തിയമ്മ ഡയറിയുടെയും കലണ്ടറിന്റെയും പ്രകാശനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലും ഫാ. ദാനിയേൽ പൂവണ്ണത്തിലും കോപ്പികൾ ഏറ്റുവാങ്ങി.
ഫാ.ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന കണ്വൻഷൻ 29ന് സമാപിക്കും. ആദ്യദിനമായിരുന്ന ഇന്നലെ മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറന്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഇന്ന് നാലിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. എല്ലാദിവസവും വൈകുന്നേരം 3.30ന് ജപമാലയും നാലിന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് വചനവിരുന്ന്. കണ്വൻഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.