കൊറോണയെ മറികടക്കാൻ ഇടവകയിൽ പ്രാർഥനാമണിക്കൂർ നടത്തി കുറവിലങ്ങാട് തീർഥാടന കേന്ദ്രം. സീറോ മലബാർസഭയിലെ ആദ്യ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിലാണ് പ്രാർഥനയുടെ കരുത്തിൽ മഹാമാരിയെ തുരത്താൻ ശ്രമം. സംഘംചേർന്നുള്ള പ്രാർഥനകളും സമ്മേളനങ്ങളും നിയന്ത്രിച്ചിട്ടുള്ളതിനാൽ ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും പ്രാർഥനാ മണിക്കൂർ ആചരിക്കാനാണ് തീരുമാനം.
ഇന്നലെ മുതൽ രാത്രി ഏഴു മുതൽ എട്ടുവരെ ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പ്രാർഥിക്കാനാണ് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിർദേശം നൽകിയിരിക്കുന്നത്. ഇടവകയിലെ മുവായിരത്തി ഇരൂനൂറിലേറെ വരുന്ന കുടുംബങ്ങൾ ഒരു മണിക്കൂർ പ്രാർഥന നടത്തുന്പോൾ ഒറ്റരാത്രിയിൽ മാത്രം 3200 മണിക്കൂർ പ്രാർഥന നടത്താനാകും. ഇത്തരത്തിൽ മൂന്നുദിവസത്തെ പ്രാർഥനയിലൂടെ ഒരു വർഷം നീളുന്ന അഖണ്ഡ പ്രാർഥനാമണിക്കൂർ കണക്കെയുള്ള അനുഭവം കരഗതമാക്കാനാകും. അധിവർഷമായതിനാൽ ഈ വർഷം 8784 മണിക്കൂറാണുള്ളത്. ഇടവകയിലെ മുഴുവൻ ഭവനങ്ങളും ഒരു മണിക്കൂർ വീതം പ്രാർഥിക്കുന്പോൾ മൂന്നുദിനത്തിനുള്ളിൽ ഇത് പതിനായിരത്തിനടുത്തെത്തും.
കൊറോണയുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട് ഇടവകയിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴാ കപ്പേളയിലെ മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോട് ചേർന്നുള്ള ഊട്ടുനേർച്ച, കുറവിലങ്ങാട് റീജിയണ് തലത്തിലുള്ള വനിതാദിനം, കുടുംബകൂട്ടായ്മ ഭാരവാഹികൾ, മുത്തിയമ്മ സർവീസ് ടീം അംഗങ്ങൾ എന്നിവരുടെ സമ്മേളനം എന്നിവ നിർദേശങ്ങൾക്കനുസൃതമായി ഉപേക്ഷിച്ചിരുന്നു. ശനിയാഴ്ചയിലെ ജപമാല, മെഴുകുതിരി പ്രദക്ഷിണവും നടത്തിയില്ല. കുടുംബകൂട്ടായ്മാതലത്തിലുള്ള പ്രാർഥനാ സമ്മേളനങ്ങളും നിറുത്തിവച്ചിരിക്കുകയാണ്.
പാലാ രൂപതാധ്യക്ഷന്റെ നിർദേശപ്രകാരം കൊറോണയിൽ നിന്ന് ലോകമാകെ മോചിക്കപ്പെടുന്നതിനായി വിശുദ്ധ കുർബാനയോടു ചേർന്നും കുടുംബപ്രാർഥനകളിലും പ്രത്യേക പ്രാർഥനയും നടത്തുന്നുണ്ട്.