കൊറോണയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനകീയ കർഫ്യൂ ദിനത്തിൽ അഖണ്ഡ ജപമാലയുമായി കുറവിലങ്ങാട് മർത്ത്മറിയം തീർഥാടന കേന്ദ്രം. ജനകീയ കർഫ്യൂ നടക്കുന്ന നാളെ ഇടവകയിലെ 3200 കുടുംബങ്ങളും ഇടവകയിൽ സേവനം നൽകുന്ന സന്യാസിനി ഭവനങ്ങളും ചേർന്ന് 14 മണിക്കൂർ അവരവ രുടെ ഭവനങ്ങളിൽ അഖണ്ഡ ജപമാല ചൊല്ലും. 3200 കുടുംബങ്ങളും രാവിലെയും സന്ധ്യയ്ക്കും ഓരോ ജപമാലയർപ്പിക്കും. ഇതിനൊപ്പം അഖണ്ഡ ജപമാലയുടെ ഭാഗമായി ഒരു നിശ്ചിത സമയത്തും ഒരു ജപമാലയർപ്പിക്കും. ഇടവകയിലെ 3200 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന നാല് സോണുകളും 28 വാർഡുകളും കേന്ദ്രീകരിച്ച് ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടവകയൊന്നാകെ യാമപ്രാർഥനകളും നടത്തും. ഭവനങ്ങളുടെ കണക്കിൽ 10,000 ജപമാലയിൽ ഇടവകയിലെ പതിനയ്യായിരത്തിലധികം വരുന്ന വിശ്വാസികൾ പങ്കുചേരുന്നതോടെ ചൊല്ലിത്തീർക്കുന്ന ജപമാലയുടെ എണ്ണം കോടികൾ പിന്നിടും.
നാളെ രാവിലെ 6.30ന് ഇടവകയാകെ ജപമാലയർപ്പണം നടക്കും. ഏഴിന് ഓണ്‍ലൈനായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. 8.30 ന് ദേവാലയത്തിൽ വൈദികർ ജപമാലയർപ്പിക്കും. ഇതേസമയം ഇടവകയിലെ മുഴുവൻ സന്യാസഭവനങ്ങളിലും ജപമാലയർപ്പണം നടത്തും.
ഒൻപതിന് ഇടവകയിലെ ഒന്നാം വാർഡ് എന്ന ക്രമത്തിൽ തുടങ്ങുന്ന ജപമാലയർപ്പണം രാത്രി 8.30 ന് 27, 28 വാർഡുകളിലെത്തുന്നതോടെ ഇടവകയൊന്നാകെയുള്ള ആദ്യദിനത്തിലെ ജപമാലയർപ്പണം പൂർത്തീകരിക്കും.
ലോകത്തിലെ ആദ്യ മാതൃപ്രത്യക്ഷീകരണം നടന്ന സ്ഥലമെന്ന നിലയിലാണ് ജപമാലയിലൂടെ ഇടവകയൊന്നാകെ മാധ്യസ്ഥം തേടുന്നതെന്ന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു. 23 മുതൽ 31 വരെയുള്ള ദിവസങ്ങളിലും ഒരോ കുടുംബങ്ങളും മൂന്ന് ജപമാലകൾ വീതം ചൊല്ലാനാണ് നിർദേശം നൽകിയിട്ടുള്ളത്. വിശുദ്ധ കുർബാനകളിലൊന്നിലും നേരിട്ട് പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുമതിയില്ലാത്ത സാഹചര്യത്തിൽ മുഴുവൻ കുർബാനകളിലും ഓണ്‍ലൈനായി പങ്കെടുക്കാൻ അവസരം നൽകും.