ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ഉറപ്പാക്കാനായി കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ മുത്തിയമ്മ ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭത്തിലൂടെ ഇടവകയ്ക്ക് ഇളംതലമുറയോടുള്ള കരുതലും സമൂഹിക പ്രതിബദ്ധതയുമാണ് വ്യക്തമായിരിക്കുന്നതെന്ന്, ഫാ. ജോർജ് എട്ടുപറയിൽ, ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പ് ജോൺ, അഡ്വ. സിന്ധു ജെരാർദ് നിധീരി, ടി.എം. ജോസഫ് തുമ്പിയാംകുഴി, പഞ്ചായത്തംഗം ഷൈജു പാവുത്തിയേൽ, ബെന്നി കോച്ചേരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുത്തിയമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കാഴ്ചപ്പാടുകളും ദൗത്യവും രൂപീകരിക്കുന്നതിൽ യുവതലമുറ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.
ശനി, ഞായർ ദിവസങ്ങളിലായാണ് ആദ്യ ബാച്ച് പ്രവർത്തനം തുടങ്ങുന്നത്. ശനിയാഴ്ചകളിൽ രാവിലെ പത്തു മുതൽ നാലു വരെയും ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയുമാണ് ക്ലാസ്. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലാണ് ക്ലാസ്. റഗുലർ ബാച്ചുകളും തുടർന്ന് ആരംഭിക്കും.
വിവരങ്ങൾക്ക് ഫോൺ: 9447133130