കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി ആതിഥ്യമരുളുന്ന, ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ഈ മാസം 27 മുതൽ 31 വരെ തീയതികളിൽ നടക്കുന്ന രണ്ടാമത് കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വൻഷനായി പടുകൂറ്റൻ പന്തലുയരും. പന്തലിന്റെ കാൽനാട്ട്കർമ്മം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവർ സഹകാർമ്മികരായി.
പന്തൽ നിർമ്മാണം നടത്തുന്നത് കഴിഞ്ഞവർഷം പന്തൽ നിർമ്മാണം നടത്തിയ ചാമക്കാല സണ്ണിയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ തന്നെയാണ്.
ഒരേ സമയം പതിനായിരത്തിലധികം പേർക്കിരുന്നു വചനവിരുന്നിലും തിരുക്കർമ്മങ്ങളിലും പങ്കെടുക്കാൻ കഴിയുന്ന പന്തലാണു നിർമ്മിക്കുന്നത്. നാൽപതിനായിരത്തിലധികം ചരുരശ്ര അടി വിസ്തീർണത്തിലാണ് പ്രധാന പന്തൽ. പന്തലിനൊപ്പം മാർത്തോമ്മാ നസ്രാണി ഭവൻ, പള്ളിയങ്കണം, പാർക്കിംഗ് മൈതാനം എന്നിവിടങ്ങളിലും വിശ്വാസികൾക്കിരുന്നു കണ്‍വൻഷനിൽ പങ്കെടുക്കാനുള്ള വിപുലമായ ക്രമീകരണം ഒരുക്കുന്നുണ്ട്. പന്തലിനുള്ളിലും പന്തലിനു പുറത്തുമായി സിസി ടിവിയിലൂടെയുള്ള ദൃശ്യവും ഒരുക്കും.
ദൂരസ്ഥലങ്ങളിൽ നിന്നടക്കമുള്ള തീർഥാടകർക്കായി കണ്‍വൻഷനു ശേഷം പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍വൻഷനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.