കുറവിലങ്ങാട് ഇടവക ദേവാലയത്തിന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പദവിയും, ഇടവക വികാരിയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് പദവിയും ലഭിച്ചതിന് കുറവിലങ്ങാട് ഇടവകസമൂഹം ഇടവകദേവാലയത്തിൽ കൃതജ്ഞതസമർപ്പണം നടത്തി. തുടർന്ന് പൊതുസമ്മേളനവും നടന്നു. മെത്രാന്മാരും വൈദികരുമടക്കം ആയിരങ്ങളാണ് കൃതജ്ഞതാമലരുകളുമായി ദേവാലയത്തിൽ സംഗമിച്ചത്. സീറോ മലബാർ സഭയിൽ ഒരു ഇടവകയ്ക്കും ഇടവക വികാരിയ്ക്കും നൽകുന്ന പരമോന്നത പദവി നേടിയതിനാണ് ഇടവകസമൂഹം ഒരുമിച്ച് ദൈവസന്നിധിയിൽ നന്ദി ചൊല്ലിയത്. താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൃതജ്ഞതാബലിയിൽ മുഖ്യകാർമികനായി. പാലാ രൂപതയിലെ വികാരി ജനറാൾമാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, വിവിധ ഫൊറോന വികാരിമാർ, ഇടവക വൈദികർ, ആർച്ച്പ്രീസ്റ്റിന്റെ സഹപാഠികളായ വൈദികർ എന്നിവർ കൃതജ്ഞതാ ബലിയിൽ സഹകാർമികരായി.
നൂറ്റാണ്ടുകളായി കുറവിലങ്ങാട് പുലർത്തുന്ന വിശ്വാസപാരമ്പര്യത്തിനുള്ള അംഗീകാരമാണിതെന്ന് കൃതജ്ഞതാബലിമധ്യേ നൽകിയ സന്ദശത്തിൽ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ആഗോളസഭയുടെ പുളിമാവാണ് കുറവിലങ്ങാട്. പീഠത്തിൽ തെളിച്ച് വച്ചിട്ടുള്ള വിളക്കാണ് കുറവിലങ്ങാടിന്റെ മരിയ ഭക്തി. പുതിയ പദവികൾ കൂടുതൽ ഉത്തരവാദിത്വവും കുറവിലങ്ങാടിന് സമ്മാനിക്കുന്നതായി ആർച്ച്പ്രീസ്റ്റിന്റെ സഹപാഠികൂടിയയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
കൃതജ്ഞതാബലി അർപ്പണത്തെത്തുടർന്ന് പാരീഷ് ഹാളിൽ പൗരസ്വീകരണം നടന്നു. കുറവിലങ്ങാട് ഇടവകയ്ക്ക് മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയും വികാരിക്ക് ആർച്ച്പ്രീസ്റ്റ് പദവിയും ലഭിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പൗരസ്വീകരണത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ വികാരിക്കു ലഭിച്ച ആർച്ച്പ്രീസ്റ്റ് പദവി നസ്രാണി പാരമ്പര്യത്തിന്റെ തിരുശേഷിപ്പാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാടിനെ മാറ്റിനിർത്തി നസ്രാണികൾക്ക് ചരിത്രമില്ലെന്നും സംശുദ്ധമായ നേതൃത്വത്തിന്റെ ഉടമയാണ് പ്രഥമ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, എംഎൽഎമാരായ മോൻസ് ജോസഫ്, സുരേഷ് കുറുപ്പ് , റോഷി അഗസ്റ്റിൻ, സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പ്രഫ. ബാബു നമ്പൂതിരി, ടി.ആർ. ഗോവിന്ദൻകുട്ടി നായർ, അനിൽകുമാർ കാരയ്ക്കൽ, സി.ഡി. സിബി, പി.എൻ. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ എന്നിവർ പ്രസംഗിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസമ്മ സാബു (മരങ്ങാട്ടുപിള്ളി), ബിനോയി ചെറിയാൻ (കാണക്കാരി), ജോണ്സണ് കൊട്ടുകാപ്പിള്ളി (ഞീഴൂർ), ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആൻസി ജോസ്, വിവിധ സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഇടവകയുടെ പദവിക്കായി നേതൃത്വം നൽകിയ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പൗരാവലിയുടെ ഉപഹാരം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ സമ്മാനിച്ചു. സീറോ മലബാർ സഭയിലെ പ്രഥമ ആർച്ച് പ്രീസ്റ്റിനുള്ള പൗരാവലിയുടെ ഉപഹാരം ജോസ് കെ. മാണി എംപി സമ്മാനിച്ചു.
https://www.facebook.com/KuravilangadChurchOfficial/videos/2170405106408345/
https://www.facebook.com/KuravilangadChurchOfficial/videos/375847409665341/
https://www.facebook.com/media/set/?set=a.2006733696091391&type=3