കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന, ഈ മാസം 25 മുതൽ 29 വരെ തീയതികളിൽ നടക്കുന്ന, മൂന്നാമത് കുറവിലങ്ങാട് അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷനായി പടുകൂറ്റൻ പന്തലുയരും. പന്തലിന്റെ കാൽനാട്ട്കർമ്മം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ നിർവഹിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത് എന്നിവർ സഹകാർമ്മികരായി.
ഒരേ സമയം പതിനായിരത്തിലധികം പേർക്കിരുന്നു വചനവിരുന്നിലും തിരുക്കർമ്മങ്ങളിലും പങ്കെടുക്കാൻ കഴിയുന്ന പന്തലാണു നിർമ്മിക്കുന്നത്. നാൽപതിനായിരത്തിലധികം ചരുരശ്ര അടി വിസ്തീർണത്തിലാണ് പ്രധാന പന്തൽ. പന്തലിനൊപ്പം മാർത്തോമ്മാ നസ്രാണി ഭവൻ, പള്ളിയങ്കണം, പാർക്കിംഗ് മൈതാനം എന്നിവിടങ്ങളിലും വിശ്വാസികൾക്കിരുന്നു കണ്‍വൻഷനിൽ പങ്കെടുക്കാനുള്ള വിപുലമായ ക്രമീകരണം ഒരുക്കുന്നുണ്ട്. പന്തലിനുള്ളിലും പന്തലിനു പുറത്തുമായി സിസി ടിവിയിലൂടെയുള്ള ദൃശ്യവും ഒരുക്കും.
കൺവെൻഷൻ കൺവീനർമാരായ ശ്രീ റോബിൻ എണ്ണംപ്രായിൽ, ശ്രീ ദേവസ്യാ ചെറ്റപുറത്ത് തുടങ്ങിയവരോടൊപ്പം വിവിധ കമ്മിറ്റി അംഗങ്ങളും കാൽനാട്ട്കർമ്മചടങ്ങിൽ പങ്കെടുത്തു.